പ്രതിപക്ഷനേതാവിന്‍റെ പുതുവത്സരാഘോഷം ഇത്തവണ ഉറുകുന്ന് ആദിവാസി ഊരിനൊപ്പം

webdesk
Monday, December 31, 2018

Ramesh-Chennithala

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പുതുവത്സരാഘോഷം ഇത്തവണ കൊല്ലം ജില്ലയിലെ പുനലൂര്‍ ഉറുകുന്ന് എസ്.ടി കോളനിയിൽ ജനുവരി ഒന്നിന് നടക്കും. ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണിത്. എല്ലാ പുതുവത്സര ദിനങ്ങളിലും അദ്ദേഹം കുടുംബവുമൊത്ത് ആദിവാസി ഊരുകളിലാണ് ചെലവഴിക്കാറുള്ളത്.

പുതുവത്സരാഘോഷം എന്നതിലുപരി, ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ കൂടി ഉൾപ്പെടുത്തി ഊരുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും വികസന പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും ആവശ്യമായ തുക അനുവദിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2011ൽ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്‍റായിരിക്കുമ്പോഴാണ് ഗാന്ധിഗ്രാം പദ്ധതിക്ക് തുടക്കമിട്ടത്. ദളിത് വിഭാഗങ്ങളുടെ ഉയർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തത്.

ഇന്ത്യയുടെ ഉരുക്ക് വനിതയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയും പുനലൂരിലെ ഉറുകുന്ന് കോളനി ഒരുതവണ സന്ദര്‍ശിച്ചിട്ടുണ്ട്. കോളനിയിലെ ആദിവാസി സഹോദരങ്ങൾക്ക് ആത്മവിശ്വാസം നല്‍കാനും, കോൺഗ്രസ് പാർട്ടി അവര്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പുനല്‍കാനും കൂടിയാണ് പ്രതിപക്ഷനേതാവിന്‍റെ ഈ സന്ദര്‍ശനം. യു.ഡി.എഫ് സര്‍ക്കാര്‍ എക്കാലവും ആദിവാസി സമൂഹത്തിനൊപ്പം നിലകൊള്ളുകയും വിപ്ലവകരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

2015ൽ രമേശ് ചെന്നിത്തല അഭ്യന്തരമന്ത്രി ആയിരിക്കുമ്പോള്‍ ആദിവാസി മേഖലകളില്‍ നിന്നുള്ള സംഘടനകളുടെ ആവശ്യം പരിഗണിച്ച് ആദിവാസികളില്‍ നിന്ന് കേരളാ പോലീസിലേക്ക് നേരിട്ട് നിയമനം നടപ്പിലാക്കിയിരുന്നു. ആദ്യമായിട്ടായിരുന്നു ആദിവാസി മേഖലയില്‍ നിന്നും സംസ്ഥാന പോലീസിലേക്ക് നേരിട്ട് നിയമനം നൽകിയത്.

പ്രതിപക്ഷനേതാവിന്‍റെ സന്ദര്‍ശനത്തിലൂടെ ആദിവാസി വിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും അത് പരിഹരിക്കുന്നതിനുമുള്ള വേദിയാണ് ഒരുങ്ങുന്നത്.