നെല്ല് സംഭരണത്തിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം: രമേശ് ചെന്നിത്തല

Jaihind News Bureau
Monday, October 26, 2020

തിരുവനന്തപുരം: കേരളത്തിന്‍റെ നെല്ലറകളായ കുട്ടനാട്ടിലെയും പാലക്കാട്ടെയും നെല്ല് സംഭരണം പ്രതിസന്ധിയിലായിട്ടും സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു. പാലക്കാട്ടേയും കുട്ടനാട്ടിലെയും പാടശേഖരങ്ങള്‍ ഇന്ന് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു.

സര്‍ക്കാരിന്റെ തല തിരിഞ്ഞ പരിഷ്‌ക്കാരം കാരണം ആയിരക്കണക്കിന് ടണ്‍ നെല്ലാണ് നശിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കൊയ്ത്ത് കഴിഞ്ഞ നെല്ല് പാടത്തും വരമ്പത്തുമായി കിടക്കുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയില്‍ നല്ലൊരു ഭാഗം നെല്ല് ഇതിനകം നശിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ തുലാവര്‍ഷം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതോടെ ഇത്തവണത്തെ നെല്ല് മുഴുവന്‍ നശിക്കുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. വലിയ കാര്‍ഷിക ദുരന്തത്തിനായിരിക്കും അത് വഴി വയ്ക്കുക.

മില്ലുടമകളുടെ സഹകരണത്തോടെ സിവില്‍ സപ്‌ളൈസ് വകുപ്പായിയരുന്നു കുട്ടനാട്ടിലും പാലക്കാട്ടും നെല്ല് സംഭരണം നടത്തിയിരുന്നത്. ഇത്തവണ അത് മാറ്റി പകരം നെല്ല് സംഭരണത്തിന്റെ ചുമതല സഹകരണ സംഘങ്ങളെ ഏല്പിച്ചു. എന്നാല്‍ അതിനുള്ള സംവിധാനങ്ങളില്ലാത്തതു കാരണം പകുതി സഹകരണ സംഘങ്ങള്‍ പോലും നെല്ല് സംഭരിക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. നെല്ല് സംഭരിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് ഗോഡൗണുകളില്ലാത്തത് വലിയ പ്രതിസന്ധിയായി. പകരം സംവിധാനം ഏര്‍പ്പെടുത്തി കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല. കുട്ടനാട്ടില്‍ സ്‌കൂളുകളില്‍ നെല്ല് സംഭരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും അത് പ്രായോഗികമായില്ല.

അടുത്ത കാലത്തൊന്നുമില്ലാത്ത പ്രതിസന്ധിയാണ് നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. ഇപ്പോള്‍ തന്നെ കടത്തില്‍ മുങ്ങി നില്‍ക്കുന്ന കര്‍ഷകര്‍ക്ക് താങ്ങാനാവാത്ത നഷ്ടമാണ് നെല്ല് നശിച്ചാല്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷകര്‍ സമരവുമായി രംഗത്തിറങ്ങിയിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തമ്മിലടിയാണ് പ്രശ്‌നപരിഹാരം നീണ്ടു പോകാന്‍ കാരണമായിരിക്കുന്നത്.ഇവരുടെ തമ്മിലടിക്ക് കര്‍ഷകര്‍ വന്‍ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ്. ഇടതു മുന്നണിയുടെ കര്‍ഷക പ്രേമം വെറും കാപട്യമാണെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു