അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ പേരൂര്‍ക്കട ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കരുത്: രമേശ് ചെന്നിത്തല

Jaihind News Bureau
Monday, June 15, 2020

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും പതിവ് രോഗികള്‍ക്ക് ചികിത്സ ലഭിക്കാനുള്ള പകരം സംവിധാനങ്ങളും ഏര്‍പ്പെടുത്താതെ പേരൂര്‍ക്കട ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാരായ രോഗികളുടെ അഭയകേന്ദ്രമായ പേരൂര്‍ക്കട ഗവ.ആശുപത്രിയെ കൊവിഡ് രോഗികളുടെ ചികിത്സാ കേന്ദ്രമാക്കുന്നതിനായി ഔദ്യോഗിക നടപടികള്‍ തുടങ്ങിയതിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ ഐ.സി.യു കാര്‍ഡിയോളജി സൗകര്യം ഏര്‍പ്പെടുത്താതെയും ഐ.സി.എം.ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കൊറോണാ കേന്ദ്രമാക്കുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം കമ്മിറ്റി പേരൂര്‍ക്കട ആശുപത്രിക്കുമുന്നില്‍ നടത്തിയ കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ആരോഗ്യരംഗത്ത് ഗുരുതരമായ അനാസ്ഥയാണ് കാണാനാകുന്നത്. മറ്റ് രോഗികളെ നോക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണുള്ളത്. കോവിഡ് രോഗികള്‍ക്കുവേണ്ടി രണ്ടര ലക്ഷം കിടക്കകള്‍ തയാറാക്കിയെന്ന് പറഞ്ഞ ഗവണ്‍മെന്‍റ് ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. മതിയായ ക്രമീകരണങ്ങളില്ലാതെ ആശുപത്രികള്‍ കൊവിഡ് സെന്‍ററാക്കുന്നത് കൂടുതല്‍ അപകടകരമാണ്. ആരോഗ്യരംഗത്ത് വര്‍ഷങ്ങള്‍ കൊണ്ട് കേരളം സ്വായത്തമാക്കിയ നേട്ടങ്ങള്‍ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് സ്വന്തം നേട്ടമാക്കി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനം മനസിലാക്കിക്കഴിഞ്ഞു. ക‍ൊവിഡിന്‍റെ മറവിലും സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ഡി.സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, കെ.മോഹന്‍കുമാര്‍, നേതാക്കളായ ശാസ്തമംഗലം മോഹന്‍, രാജന്‍ കുരുകള്‍, കണ്ണമ്മൂല മധു, ഷംസീര്‍, പി.എസ്.പ്രസാദ്, വല്ലിയവിള റഹീം, വട്ടിയൂര്‍ക്കാവ് മോഹന്‍, വട്ടിയുര്‍ക്കാവ് അനില്‍കുമാര്‍, മണ്ണാംമൂല രാജന്‍, നാരായണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.