വോട്ടര്‍ പട്ടിക: വിധി സ്വാഗതം ചെയ്യുന്നു; അപ്പീലിന് പോയി സമയം കളയാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 19 ലെ പട്ടിക അടിസ്ഥാനമായി സ്വീകരിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.

യു.ഡി.എഫ് നിലപാട് ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്ത വോട്ടര്‍മാരില്‍ വലിയ ഒരു പങ്ക് തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ജനാധിപത്യ വിരുദ്ധമായ അവസ്ഥയാണ് ഒഴിവായിരിക്കുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയാണ് ഏറ്റവും ഒടുവിലത്തേത്. അത് അടിസ്ഥാന പട്ടികയായി ഉപയോഗിക്കുന്നതിന് പകരം അഞ്ചു വര്‍ഷത്തിന് മുന്‍പുള്ള പട്ടിക ഉപയോഗിക്കുന്നത് അശാസ്ത്രീയവും ജനാധിപത്യ വരുദ്ധവുമാണ്. മരണമടഞ്ഞവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്‍ പട്ടികയില്‍ കിടക്കുകയും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെ പുതിയ വോട്ടര്‍മാര്‍ പുറത്താവുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവുമായിരുന്നു.

ഉദ്യോഗസ്ഥതലത്തിലെ സൗകര്യത്തിനു വേണ്ടി നീതിപൂര്‍വ്വകമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നതിനെയാണ് യു.ഡി.എഫ് കോടതിയില്‍ ചോദ്യം ചെയ്തത്. യു.ഡി.എഫ് നിലപാടായിരുന്നു ആദ്യം എല്‍.ഡി.എഫിനെങ്കിലും അവര്‍ പിന്നീട് പിന്മാറി. ഇനി അപ്പീലിന് പോയി സമയം കളയാതെ ഹൈക്കോടതി വിധി അംഗീകരിച്ച് 2019 ന്റെ വോട്ടര്‍ പട്ടികയുമായി മുന്നോട്ട് പോവുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ElectionLSG bodiesRamesh Chennithala
Comments (0)
Add Comment