വയനാട് : ബത്തേരിയിൽ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്‍റെ വീട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദർശിക്കും. വയനാട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. അതേസമയം സംഭവത്തിൽ മൂന്ന് അധ്യാപകർക്കും ഒരു ഡോക്ടർക്കുമെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.
സുൽത്താൻ ബത്തേരി സർവജനസ്കൂൾ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിനായിരുന്നു ഇന്നലെ വയനാട് സാക്ഷ്യം വഹിച്ചത്. ഇന്നലെ വിദ്യാർത്ഥി സമരത്തെ തുടർന്ന് പ്രധാനധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് അധ്യാപകർക്കതിരെയും ഒരു ഡോക്ടർക്കെതിരെയും കേസെടുക്കാൻ പൊലീസ് തയാറായത്.
സ്കൂൾ പ്രിൻസിപ്പൽ കരുണാകരൻ വൈസ് പ്രിന്‍സിപ്പൽ മോഹനൻ, അധ്യാപകൻ ഷാജിൻ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് ബത്തേരി സി.ഐക്ക് എസ്.പി കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തത്. അതേസയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മരണപ്പെട്ട വിദ്യാർത്ഥിനി ഷഹ്ല ഷെറിന്‍റെ വീട് സന്ദർശിക്കും. തുടർന്ന് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.