മലയാളികളുടെ മടക്കം: ട്രെയിന്‍ സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ നിന്ന് യാത്രയ്ക്കായി ടൂറിസ്റ്റ് ബസുകള്‍ ഉപയോഗിക്കണം: രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, May 10, 2020

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ ട്രെയിന്‍ സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങള്‍ ഉപയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  കേരളത്തില്‍ നിരവധി സ്വകാര്യ ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിനോദ സഞ്ചാരികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബസുകള്‍ അടക്കമുളള വാഹനങ്ങള്‍ ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ വാഹനങ്ങള്‍ നല്‍കി സഹകരിക്കാന്‍ തയ്യാറുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ഒരു രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ട്രെയിന്‍ ഗതാഗതം ഉള്ള ഇടങ്ങളില്‍ നിന്ന് ട്രെയിന്‍ ഉപയോഗിച്ച് തന്നെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണം. ഉള്‍പ്രദേശങ്ങളില്‍ ട്രെയിന്‍ ഗതാഗത സൗകര്യം ഇല്ലാത്തയിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ബസുകള്‍ പോലുള്ള വാഹനങ്ങള്‍ അയയ്ക്കാതെ തിരിച്ചുപോരാന്‍ കഴിയില്ല. നൂറുക്കണക്കിന് ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ സംസ്ഥാനത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പക്കലുള്ളത് കൊണ്ട് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പലരെയും സംസ്ഥാനത്തെത്തിക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കും. അത് കൊണ്ട് ഉടന്‍ തന്നെ അത്തരം സാധ്യതകള്‍ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.