ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വില്‍ക്കുന്നത് തുഗ്ലക്ക് പരിഷ്‌ക്കാരം; ഉത്തരവ് ഉടന്‍  പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, March 31, 2020

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ മദ്യത്തിനു പാസ് നല്‍കാനുള്ള  സര്‍ക്കാര്‍ തീരുമാനം തുഗ്ലക്ക് പരിഷ്‌ക്കാരമാണെന്നും വന്‍ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ ഉത്തരവ്  ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രശ്നത്തിന്‍റെ എല്ലാ വശങ്ങളും ആലോചിച്ചിട്ടാണോ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന് അറിയില്ല. ആഴത്തിലുള്ള പ്രത്യാഘാതമാണ് ഇത് സമൂഹത്തില്‍ഉണ്ടാക്കുക.  മദ്യം മരുന്നല്ല എന്നതാണ് ഒന്നാമത്തെ കാര്യം. അത് കൊണ്ടു തന്നെ മദ്യത്തെ മരുന്നായി നിര്‍ദ്ദേശിച്ച് കുറിപ്പടി എഴുതാന്‍ ഡോകര്‍മാരെ അവരുടെ വൈദ്യശാസ്ത്രപരമായ ധാര്‍മ്മികത അനുവദിക്കില്ല. മെഡിക്കല്‍ എത്തിക്സിന് ചേരാത്ത പ്രവൃത്തി ചെയ്യാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അധികാരവുമില്ല.

മദ്യം ആവശ്യമുള്ളവര്‍ ഒ.പി.ടിക്കറ്റെടുത്ത് പരിശോധനയക്ക് വിധേയരായി ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ വാങ്ങണമെന്നാണ് ഉത്തരവ്.  കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തകിടം മറിയ്ക്കും. ഈ തീരുമാനത്തിനെതിരെ ഡോക്ടര്‍മാരുടെ സമൂഹം ഉയര്‍ത്തുന്ന പ്രതിഷേധം സര്‍ക്കാര്‍ കാണാതെ പോവരുത്.

മദ്യം വില്‍ക്കുന്നതിനുള്ള ഏജന്‍റുമാരായി ഡോക്ടര്‍മാരെ തരം താഴ്ത്തുന്നത് ശരിയല്ല. മാത്രമല്ല ഈ ഉത്തരവ് വന്‍ തോതിലുള്ള അഴിമതിക്ക് വഴി തുറക്കുകയും ചെയ്യും. അതിനാല്‍ ഉടന്‍ ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.