വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാവൂ: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, July 31, 2020

 

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭ പാസ്സാക്കിയ ദേശീയ വിദ്യാഭ്യാസ നയം വിശദമായ ചര്‍ച്ചകള്‍ നടത്തി ആശങ്കകള്‍ പരിഹരിച്ചു കൊണ്ടു മാത്രമേ നടപ്പാക്കാവൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവത്ക്കരിക്കുക എന്ന സംഘപരിവാര്‍ ലക്ഷ്യമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ആക്ഷേപവും ശക്തമാണ്. അത് അനുവദിക്കാന്‍ കഴിയുന്നതല്ല.

1986 ല്‍ രാജീവ് ഗാന്ധി മന്ത്രിസഭ അംഗീകരിച്ച നിലവിലുള്ള വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നര പതിറ്റാണ്ടായി രാജ്യത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിമുടി മാറ്റം വരുത്തുമ്പോള്‍ അത് പാര്‍ലമെന്റില്‍ ഉള്‍പ്പടെ സമഗ്രമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാകണമായിരുന്നു. പാര്‍ലമെന്റിനെ പൂര്‍ണ്ണമായി ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ ബാധിക്കുന്ന പരിഷ്‌ക്കാരം നടപ്പാക്കുന്നത് ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണ്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയമായിട്ടു കൂടി സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇത് രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്.

ആഴത്തിലുള്ള ആലോചനകള്‍ക്കും ഗഹനമായ ചര്‍ച്ചകള്‍ക്കും സൂക്ഷമായ വിലയിരുത്തലുകള്‍ക്കും ശേഷം വളരെ ശ്രദ്ധയോടെ നടപ്പാക്കേണ്ടതാണ് വിദ്യാഭ്യാസ രംഗത്തെ അഴിച്ചു പണികള്‍. സങ്കുചിത ലക്ഷ്യത്തോടെ അത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നത് തലമുറകളോട് ചെയ്യുന്ന അപരാധമായിരിക്കും. അതിനാല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പരിഷ്‌ക്കാരം നടപ്പാക്കാവൂ എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.