സ്പ്രിങ്ക്ളറിൽ സർക്കാർ മലക്കം മറിഞ്ഞു; പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് സർക്കാരിന്‍റെ സത്യവാങ്മൂലം : രമേശ് ചെന്നിത്തല

സ്പ്രിങ്ക്ളറിൽ സർക്കാർ മലക്കം മറിഞ്ഞെവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്ളർ കേസിൽ പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു. സർക്കാരിന്‍റേത് അവസാനം വരെ പിടിച്ച് നിൽക്കാനുള്ള കള്ളന്‍റെ തന്ത്രമെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് ശേഷമാണ് രേഖകൾ ഉണ്ടാക്കുന്നത്. ഏകാധിപതികളുടെ പാതയിലാണ് പിണറായി സർക്കാരെന്നും അദ്ദേഹം പറഞ്ഞു. സ്പ്രിങ്ക്ളർ അന്വേഷണ കമ്മീഷൻ യോഗം ചേർന്നിട്ടുണ്ടെങ്കിൽ റിപ്പോർട്ട് പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമ പോലെയായി കാര്യങ്ങൾ. അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയത് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, സ്പ്രിങ്ക്ളർ സമിതി ചേർന്നിട്ടുണ്ടോ, അവർ എന്തെങ്കിലും റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെവ്ക്യൂ ആപ്പ് സ്വകാര്യ കമ്പനിയെ ഏൽപിച്ചതിൽ കുഴപ്പമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മദ്യ വിതരണത്തിന് ആപ്പ് ഉണ്ടാക്കാൻ സി-ഡിറ്റിന് കഴിയുമെന്നിരിക്കെ എന്തിനാണ് അത് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നത് എന്തിന് എന്ന് സർക്കാർ വ്യക്തമാക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും അഭിപ്രായം മാനിച്ചാണ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷം ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സർക്കാർ അറിയിച്ചു. പരീക്ഷകൾ കൃത്യസമയത്ത് നടത്തുന്നതാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/3173737899377604/

Comments (0)
Add Comment