മുന്നൊരുക്കങ്ങളില്ലാത്ത ഓണ്‍ലൈന്‍ പഠനം പകുതിയിലേറെ കുട്ടികള്‍ക്കും പ്രയോജന രഹിതം: രമേശ് ചെന്നിത്തല

Jaihind News Bureau
Monday, June 1, 2020

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ എടുത്തു ചാടിയുള്ള ഓണ്‍ലൈന്‍ സ്‌കൂള്‍ പഠന പദ്ധതി പകുതിയിലേറെ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പതിവ് പോലെ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് വിക്ടേഴ്‌സ് ചാനലുകളിലൂടെയുള്ള ഓണ്‍ലൈനില്‍ സ്‌കൂള്‍ പഠനവും ആരംഭിച്ചത്.

ഗ്രാമപ്രദേശങ്ങളിലെയും മലയോര മേഖലകളിലെയും തീരദേശങ്ങളിലേയും കുട്ടികളില്‍ നല്ലൊരു വിഭാഗത്തിനും ഓണ്‍ലൈന്‍ ക്‌ളാസുകള്‍ പ്രയോജനപ്പെട്ടില്ല. ആദിവാസി മേഖല, മത്സ്യത്തൊഴിലാളി മേഖല തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളില്‍ പല വീടുകളിലും ടെലിവിഷന്‍ സൗകര്യമില്ല. സ്മാര്‍ട്ട് ഫോണും ഇന്‍റര്‍നെറ്റ് സൗകര്യവും ടിവി സൗകര്യവുമില്ലാത്തവര്‍ക്ക് ക്ലാസുകള്‍ പ്രയോജനപ്പെട്ടിട്ടില്ല.

മാതാപിതാക്കള്‍ കൂലിപ്പണിക്ക് പോകുന്ന വീടുകളില്‍ ടെലിവിഷന്‍ ഉണ്ടായാല്‍ പോലും അത് പ്രയോജനം ചെയ്തില്ല. തീരെ ചെറിയ കുട്ടികള്‍ക്ക് ടെലിവിഷന്‍ തനിയെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. മുതിര്‍ന്ന കുട്ടികളാകട്ടെ മാതാപിതാക്കളുടെ അഭാവത്തില്‍ ടെലിവിഷന് മുന്നില്‍ ഇരിക്കുകയുമില്ല. ജോലി മുടക്കി രക്ഷിതാക്കള്‍ക്കും വീട്ടില്‍ ഇരിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.

വിക്ടേഴ്‌സ് ചാനല്‍ ഡി.ടു.എച്ച് ഫ്‌ളാറ്റ് ഫോമുകളില്‍ കിട്ടാത്തത് വലിയ വിഭാഗം കുട്ടികളെ ബുദ്ധിമുട്ടിലാക്കി. പൊതു വിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങളില്ലെന്നാണ് സമഗ്ര ശിക്ഷ കേരള കണ്ടെത്തിയതെങ്കിലും അതിലും വളരെ കൂടുതല്‍ കുട്ടികള്‍ക്ക് സൗകര്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടത്താതെ എളുപ്പവഴിയില്‍ ഖ്യാതി നേടുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തരം കാര്യങ്ങള്‍ കുറച്ചു കൂടി അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.