സ്പീക്കറുടേത് ഒളിച്ചോട്ടം ; പ്രമേയം ചർച്ചക്കെടുക്കില്ലെന്ന നിലപാട് ഭീരുത്വമെന്നും രമേശ് ചെന്നിത്തല | Video

 

തിരുവനന്തപുരം : സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിൽ നിന്ന് സ്പീക്കർ ഒളിച്ചോടുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർക്കെതിരായ നോട്ടീസിൽ അദ്ദേഹം തന്നെ അഭിപ്രായം പറഞ്ഞത് ദൗർഭാഗ്യകരമാണ്. പ്രമേയം ചർച്ചക്കെടുക്കില്ലെന്ന സ്പീക്കറുടെ നിലപാട് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

24ാം തീയതി നിയമസഭ സമ്മേളിക്കാന്‍ ഇരിക്കെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രതിപക്ഷത്തിന്‍റെ നോട്ടീസ് സാങ്കേതികമായി നിലനില്‍ക്കില്ലെന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചത്. ചട്ടപ്രകാരം 14 ദിവസത്തെ മൂന്‍കൂര്‍ നോട്ടീസ് വേണമെന്നാണ് സ്പീക്കര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ 15 ദിവസത്തെ നോട്ടീസ് നല്‍കാതെയാണ് സഭ വിളിച്ചത് എന്നതിനാലാണ് 14 ദിവസത്തെ സമയക്രമം പാലിക്കാന്‍ കഴിയാത്തതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയെന്ന  കേസിലെ പ്രതികളുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ  നീക്കണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മര്‍ എം.എല്‍.എ നോട്ടീസ് നൽകിയത്.

സർക്കാരിനും സ്പീക്കർക്കുമെതിരായ നോട്ടീസുകളിൽ നിന്ന് ഇത് രണ്ടാം തവണയാണ് സർക്കാർ ഒളിച്ചോടുന്നത്. നേരത്തെ ജൂലൈ 27ന് സഭാസമ്മേളനം തീരുമാനിച്ചിരുന്നെങ്കിലും സ്വർണ്ണക്കടത്ത് കേസും ശിവശങ്കർ ഐ.എ.എസിനെതിരായ ആരോപണങ്ങളും മുൻനിർത്തി പ്രതിപക്ഷത്തിന്‍റെ സർക്കാരിനെതിരായ  അവിശ്വാസപ്രമേയവും സ്പീക്കർക്കെതിരായ  നോട്ടീസും ഭയന്ന്  സഭാസമ്മേളനം മാറ്റിവെച്ചു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.  ഇത്തവണ അവധി ദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ സെപ്റ്റംബർ മൂന്നിനേ ഉമ്മർ എം.എൽ.എ യുടെ നോട്ടീസ് ചട്ടപ്രകാരം ചർച്ചക്ക് എടുക്കാനാവു. സഭ എത്ര ദിവസത്തേക്ക് ചേരണമെന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. വീണ്ടും ഒറ്റ ദിവസത്തേക്ക് ധനകാര്യ ബിൽ പാസാക്കാനായി മാത്രമാണ് സഭ  സമ്മേളിക്കുന്നത് എങ്കിൽ ഇതും വിവാദങ്ങൾ ഭയന്നുള്ള  ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടും.

അതേസമയം സ്പീക്കർക്കെതിരെ നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ സഭാ ടി.വിയുടെ പരിപാടി പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. സഭ ചേരുന്ന ദിവസം സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/1250875015255906

Comments (0)
Add Comment