പി.എസ്.സി സ്വയം കോടതിയാകേണ്ട ; യുവജനങ്ങളോടുള്ള ഭീഷണി വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം : പി.എസ്.സി സ്വയം കോടതിയായി മാറേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് പി.എസ്.സി ചെയർമാന്. പി.എസ്.സിയിൽ നടക്കുന്ന കെടുകാര്യസ്ഥതയും തെറ്റും ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അവർക്ക് നിയമനം കിട്ടില്ലെന്ന് പറയുന്ന പി.എസ്.സി ചെയർമാന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരം ഭീഷണികള്‍ വിലപ്പോവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇടത് ഭരണത്തില്‍ പിന്‍വാതില്‍ നിയമനങ്ങളും കരാർ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും അരങ്ങ് തകർക്കുകയാണ്. റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെടുന്നു. നിയമനങ്ങൾ ലഭിക്കാതെ ലക്ഷക്കണക്കിന് യുവജനങ്ങൾ കഷ്ടപ്പെടുന്നു. ഇതിനൊന്നിനും പി.എസ്.സി ചെയർമാന്  മറുപടിയില്ല. നിയമനങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും പി.എസ്.സി ചെയർമാന് വിരോധമാണ്. കുത്തുകേസിലെ പ്രതി റാങ്ക് പട്ടികയിൽ എങ്ങനെ ഒന്നാമതെത്തി എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു.

യുവാക്കളെ ഭീഷണിപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല പി.എസ്.സി ചെയർമാനെ ഓർമിപ്പിച്ചു. ഇത്രയും കാലത്തെ ഒരു ചെയർമാനും വിനിയോഗിക്കാത്ത അധികാരം വിനിയോഗിക്കാനുള്ള നീക്കത്തില്‍ നിന്ന് ചെയർമാന്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനങ്ങള്‍ അവരുടെ ചിന്തയും ബുദ്ധിയും പി.എസ്.സി ഓഫീസില്‍ പണയം വെച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Comments (0)
Add Comment