പെണ്‍കുട്ടികള്‍ അടക്കമുള്ള കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം എസ്.പി ഓഫീസ് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നിഷ്ഠൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും, മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെയും സാന്നിധ്യത്തിലാണ് പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. പൊലീസ് ഇവിടെ മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെ പൊലീസ് അകാരണമായി ബലപ്രയോഗം നടത്തുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് അക്രമങ്ങള്‍ക്ക് നേരെ കണ്ണടച്ച പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മനപൂര്‍വം ആക്രമിക്കുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡി.വൈ.എഫ്.ഐ അക്രമം ഭയന്ന് പത്താമുട്ടം സെന്‍റ് പോള്‍സ് പള്ളിയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍ അടക്കമുള്ള കരോള്‍ സംഘത്തിന് ഇതുവരെ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ ഡി.വൈ.എഫ്.ഐക്കാര്‍ ആയത് കൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ഭയക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.