പമ്പാ ത്രിവേണിയിലെ കോടികൾ വിലമതിക്കുന്ന മണൽ സ്വകാര്യവ്യക്തികൾക്ക് മറിച്ചുവിൽക്കാനുള്ള ഗൂഢശ്രമമാണ് പിണറായി സർക്കാരിന്‍റേതെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, October 25, 2020

പമ്പാ ത്രിവേണിയിലെ കോടികൾ വിലമതിക്കുന്ന മണൽ സ്വകാര്യവ്യക്തികൾക്ക് മറിച്ചുവിൽക്കാനുള്ള ഗൂഢശ്രമമാണ് പിണറായി വിജയൻ സർക്കാർ നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെയർമാനായ, കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കടലാസ് പൊതുമേഖലാ സ്ഥാപനത്തെ മുൻനിർത്തി രണ്ടു സ്വകാര്യ കമ്പനികൾക്ക് മണൽ കടത്താൻ ഒത്താശ ചെയ്യുകയായിരുന്നു പിണറായി സർക്കാർ എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. ഡി.എം ആക്ട് പ്രകാരം മണല് കടത്താനും വിൽക്കാനും കളക്ടറെ അവർ നിർബന്ധിക്കുകയായിരുന്നു. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഇതിന് തടയിട്ടതോടെ കോടികളുടെ കൊള്ളയ്ക്ക് താല്ക്കാലികവിരാമമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോസ്റ്റിന്‍റെ പൂർണരൂപം :

പമ്പയിലെ പ്രളയാവശിഷ്ടം നീക്കാൻ എന്ന പേരിൽ പമ്പാ ത്രിവേണിയിലെ കോടികൾ വിലമതിക്കുന്ന മണൽ സ്വകാര്യവ്യക്തികൾക്ക് മറിച്ചുവിൽക്കാനുള്ള ഗൂഢശ്രമമാണ് പിണറായി വിജയൻ സർക്കാർ നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെയർമാനായ, കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കടലാസ് പൊതുമേഖലാ സ്ഥാപനത്തെ മുൻനിർത്തി രണ്ടു സ്വകാര്യ കമ്പനികൾക്ക് മണൽ കടത്താൻ ഒത്താശ ചെയ്യുകയായിരുന്നു പിണറായി സർക്കാർ. ദേവസ്വം വകുപ്പിന്റെ അധികാരപരിധിയിൽപ്പെടാത്ത സ്ഥലങ്ങളിൽ നിന്നുപോലും സൗജന്യമായി മണലെടുക്കാൻ, ക്ലെയ്സ് ആൻഡ് സെറാമിക്‌സ് എന്ന ഇക്കാര്യത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത കടലാസ് സ്ഥാപനത്തിനു അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് അഴിമതിയ്ക്ക് കുടപിടിക്കാനായിരുന്നു. നിയമപ്രകാരം മണൽക്കടത്ത് നടക്കില്ല എന്നു മനസിലായപ്പോൾ വിരമിക്കലിന്‍റെ തലേ ദിവസം ധൃതിപ്പെട്ട് അന്നത്തെ ചീഫ് സെക്രട്ടറി, ഇന്നത്തെ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയുമായി ഹെലികോപ്റ്ററിൽ ചെന്ന് മണൽകടത്തിന് ഒത്താശ ചെയ്യുകയായിരുന്നു.

ഡി.എം ആക്ട് പ്രകാരം മണല് കടത്താനും വിൽക്കാനും കളക്ടറെ അവർ നിർബന്ധിക്കുകയായിരുന്നു. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഇതിന് തടയിട്ടതോടെ കോടികളുടെ കൊള്ളയ്ക്ക് താല്ക്കാലികവിരാമമായി.

2018ലെ പ്രളയത്തിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ ചട്ടപ്രകാരം നീക്കാൻ ആവശ്യം പോലെ സാവകാശം സർക്കാരിന് ലഭിച്ചിരുന്നു. എന്നിട്ടും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ദുരന്തനിവാരണ നിയമത്തിലെ പഴുത് ദുരുപയോഗം ചെയ്തു 2020ൽ മണൽ വിൽക്കാനുള്ള ശ്രമം നഗ്നമായ തീവട്ടി കൊള്ളയാണ്.

നമ്മുടെ നദികളിലെ കോടികൾ വിലമതിക്കുന്ന മണൽ സ്വകാര്യകമ്പനികൾക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ച പിണറായി സർക്കാർ ചെയ്തത് കൊടിയ ജനവഞ്ചനയാണ്.

ജനവഞ്ചനയുടെ ഈ അദ്ധ്യായങ്ങൾ തുറന്നുകാട്ടാൻ ഈ വരുന്ന കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുന്നു.
#വഞ്ചനാദിനം #നവംബർ1

https://www.facebook.com/rameshchennithala/posts/3619506538107826