മസാല ബോണ്ട്: മറുപടിഇല്ലാത്തത് ദുരൂഹമെന്ന് രമേശ് ചെന്നിത്തല

മസാല ബോണ്ടിലെ ദുരൂഹത നീക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ധനമന്ത്രിയുടെ മറുപടി തരംതാണതാണെന്നും എല്ലാ മേഖലയിലും ധനമന്ത്രി പൂർണ പരാജയമെന്നും ചെന്നിത്തല പറഞ്ഞു. നികുതി വരവ് കുറഞ്ഞതിന്‍റെയും ധനകമ്മി കൂടിയതിന്‍റെയും ഉത്തരവാദിത്വം ധനമന്ത്രി തോമസ് ഐസക്കിനാണെന്നും അദ്ദേഹം പറഞ്ഞു. മസാല ബോണ്ടിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ധനമന്ത്രി അതിന് തയ്യാറാകുന്നില്ലെന്നും തലമുറകളെ ബാധിക്കുന്ന വിഷയമായിട്ടും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇക്കാര്യത്തില്‍ ഒളിച്ചുകളി അവസാനിപ്പിക്കണം. പകരം  ഉത്തരവാദിത്വം നിറവേറ്റുമ്പോൾ അധിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ഇത്തരം നടപടികള്‍ തരംതാണതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തെ ഫയലുകൾ കാട്ടാൻ തയ്യാറാകണം.  സർക്കാർ ഇടപാടുകൾ മറച്ച് വയക്കുന്ന നടപടി ശരിയല്ലെന്നും വിഷയം നിയമസഭ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കാത്തത് ദുരൂഹമാണെന്നും  കേരളം കണ്ട ഏറ്റവും ഭാവനാശൂന്യനായ ധനമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡാമിലെ മണൽവാരൽ, ഇസ്ളാമിക് ബാങ്ക്, തുടങ്ങിയവ പാഴ് വാക്കായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Comments (0)
Add Comment