തിരുവനന്തപുരം: കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ പഞ്ചസാര ഈ വര്‍ഷം നല്‍കേണ്ടന്ന് തിരുമാനിച്ച സര്‍ക്കാരിന്റെ നടപടി കടുത്ത ജനവഞ്ചനായണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും ആട്ടക്കും പുഴക്കലരിക്കും കനത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഓണക്കാലത്ത് സാധാരണക്കാരുടെ അഭയ കേന്ദ്രമായ ന്യായ വില കേന്ദ്രങ്ങളില്‍ അരിയും പഞ്ചസാരയും ഉറപ്പ് വരുത്തുക എന്നതിനാണ് എല്ലാ സര്‍ക്കാരുകളും മുന്‍തൂക്കം കൊടുക്കാറുള്ളത്.
എന്നാല്‍ ഈ ഓണക്കാലത്ത് അവശ്യ സാധനങ്ങള്‍ റേഷന്‍ കടകളില്‍ ഉറപ്പ് വരുത്തുന്നതില്‍ ഈ സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാവേലിസ്റ്റോറുകളില്‍ നിന്ന് ഒന്നും ഈ ഓണക്കാലത്ത് ലഭിക്കാത്ത അവസ്ഥയാണ്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ അനാവിശ്യ നിയമനങ്ങള്‍ സൃഷ്ടിച്ച് കൊണ്ടും അവയ്‌കെല്ലാം കോടിക്കണക്കിന് രൂപ വാരിയൊഴുക്കിക്കൊണ്ടും ധൂര്‍ത്ത് തുടരുകയാണ് സര്‍ക്കാര്‍. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ഓണത്തിന് അരിയും പഞ്ചസാരയും നല്‍കാന്‍ സര്‍ക്കാരിന്‍റെ കയ്യില്‍ പണമില്ലന്നാണ് പറയുന്നത്. തികഞ്ഞ ജനിവിരുദ്ധതയാണ് ഈ സര്‍ക്കാരിന്‍റെ മുഖമുദ്ര എന്നുപറയാന്‍ ഇതില്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
36 രൂപക്ക് എടുക്കുന്ന പഞ്ചസാര 21 രൂപക്ക് നല്‍കിയാല്‍ അത് വന്‍ സാമ്പത്തിക ബാധ്യത വരുത്തി വയ്കുമെന്ന സര്‍ക്കാരിന്റെ വാദം വിചിത്രമാണ്. ഓണക്കാലത്ത് ജനങ്ങള്‍ക്ക് നല്‍കുന്ന അരിയിലും പഞ്ചസാരയിലും ലാഭം നോക്കുന്ന സര്‍ക്കാരിനെ എങ്ങിനെ ജനകീയ സര്‍ക്കാര്‍ എന്ന് വിളിക്കാന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 86 ലക്ഷം കാര്‍ഡുടമകള്‍ക്ക് സെപ്ഷ്യല്‍ പഞ്ചസാര വിതരണം ചെയ്യണമെങ്കില്‍ 13 കോടി രൂപ വേണമെന്നും അത് ബാധ്യതയാണെന്നുമുള്ള സര്‍ക്കാരിന്‍റെ വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പതിറ്റാണ്ടുകളായി ഓണത്തിന് സൗജന്യ റേഷന്‍ നല്‍കുന്നതാണ്.
പ്രളയ ബാധിത പ്രദേശങ്ങളില്‍ ഇത്തവണ ഇത്തവണ സൗജന്യ റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് മാത്രമിറക്കി. എന്നാല്‍ അതിനുള്ള അരി എത്തിക്കാന്‍ സര്‍ക്കാര്‍ തെയ്യാറായുമില്ല. തങ്ങള്‍ പണം കൊടുത്ത വാങ്ങിയ അരി സൗജന്യമായി നല്‍കാന്‍ റേഷന്‍ കട ഉടമകള്‍ തെയ്യാറാകുന്നുമില്ല. അത് കൊണ്ട് പ്രളയ ബാധിത പ്രദേശങ്ങളിലേതടക്കമുള്ള സൗജന്യ റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാരുടെ ഓണം വെള്ളത്തിലായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.