മരട്, ശബരിമല വിധികളിൽ സർക്കാരിന് വ്യത്യസ്ത നിലപാടെന്ന്‌ രമേശ്‌ ചെന്നിത്തല

Jaihind News Bureau
Tuesday, September 24, 2019

മരടിലെയും ശബരിമലയിലെയും സുപ്രീംകോടതി വിധികളിൽ സർക്കാരിന് വ്യത്യസ്ത നിലപാടെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. എന്നാൽ ഈ രണ്ടു വിഷയങ്ങളിലും യുഡിഎഫ് ജനതാൽപര്യത്തിന് ഒപ്പമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നിയോജക മണ്ഡലം കോൺഗ്രസ്‌ നേതൃയോഗം ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു രമേശ്‌ ചെന്നിത്തല.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സിറ്റിംഗ് മണ്ഡലം നിലനിർത്താനും ഭൂരിപക്ഷം വർധിപ്പിക്കാനും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എറണാകുളം ജില്ലാ  കോൺഗ്രസ്‌ നേതൃത്വം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സംഘടിപ്പിച്ച നിയോജകമണ്ഡലം കോൺഗ്രസ്‌ നേതൃയോഗം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല  ഉദ്ഘാടനം ചെയ്തു. മരടിലെയും ശബരിമലയിലെയും സുപ്രീംകോടതി വിധികളിൽ സർക്കാരിന് വ്യത്യസ്ത നിലപാടെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

മരട് വിഷയത്തിൽ സിപിഎമ്മും സിപിഐ യും രണ്ടു തട്ടിലാണ്,  ഭരണ മുന്നണിയിൽ ഐക്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ ശബരിമല-മരട്  വിഷയങ്ങളിൽ  യുഡിഎഫ് ജനതാൽപര്യത്തിന് ഒപ്പമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം അസംബ്ലി മണ്ഡലത്തിൽ  ഹൈബി ഈഡൻ നടത്തിയ  വികസന പ്രവർത്തനങ്ങൾ  തുടർന്ന് പോകാൻ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു. 

എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, യുഡിഎഫ്‌ കൺവീനർ ബെന്നി ബെഹനാൻ എംപി, കെപിസിസി വൈസ് പ്രസിഡന്‍റ്‌ വിഡി സതീശൻ എംഎൽഎ,  അൻവർ സാദത്ത് എംഎൽഎ,   മുൻ മന്ത്രിമാരായ കെ ബാബു,  ഡൊമിനിക് പ്രസന്‍റേഷൻ,  ഡിസിസി പ്രസിഡന്‍റ്‌ ടിജെ വിനോദ്,  കെപിസിസി ജനറൽ സെക്രട്ടറി പദ്മജ വേണുഗോപാൽ, അജയ് തറയിൽ, എൻ വേണുഗോപാൽ,  തുടങ്ങിയവർ സംസാരിച്ചു.