അഴിമതിയില്‍ മന്ത്രി ഇ.പി ജയരാജനും പങ്ക് ; മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാൻ സർക്കാർ നീക്കം : രമേശ് ചെന്നിത്തല

കൊല്ലം :  മത്സ്യബന്ധനകരാര്‍ അഴിമതിയില്‍ മന്ത്രി ഇ.പി ജയരാജനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടോം ജോസ് ചെറിയ സ്ഥാപനത്തിലേക്ക് പോയതിന്‍റെ കാരണം വ്യക്തമായി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാൻ ആണ് സർക്കാർ നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തന്‍റെ മനോനില തെറ്റിയെന്നു പറഞ്ഞ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും  പ്രതിപക്ഷ നേതാവ്  മറുപടി നല്‍കി. ആരുടെ മനോനിലയാണ് തെറ്റിയിരിക്കുന്നതെന്ന് കുണ്ടറക്കാര്‍ക്ക് അറിയാം. കേരളത്തിന്റെ മത്സ്യസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാന്‍ അമേരിക്കന്‍ കുത്തക കമ്പനിയായ ഇഎംസിസിയുമായി ചര്‍ച്ച നടത്തിയതും അവരെ കേരളത്തിലേക്ക് ക്ഷണിച്ചതും മന്ത്രിയാണ്.

അതിനുശേഷം മത്സ്യനയത്തില്‍ മാറ്റം വരുത്തുന്നു. കേരള തീരത്ത് മത്സ്യബന്ധനത്തിനുവേണ്ടി 400 ട്രോളറുകള്‍ക്കും 5 മദര്‍ ഷിപ്പുകള്‍ക്കും അനുമതി നല്‍കിയിരിക്കുകയാണ്. യു.എന്‍ ചര്‍ച്ചയ്ക്ക് പോയെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ തങ്ങളുമായി മന്ത്രി ചര്‍ച്ച നടത്തിയെന്നാണ് കമ്പനിയുടെ പ്രതികരണം. ഒളിച്ചുകളി തുടര്‍ന്നാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

Comments (0)
Add Comment