ഷുക്കൂറിന്‍റെയും ശുഹൈബിന്‍റെയും രക്തക്കറപുരണ്ട പാർട്ടിയാണ് സിപിഎം : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, February 12, 2019

ഷുക്കൂറിന്‍റെയും ശുഹൈബിന്‍റെയും രക്തക്കറപുരണ്ട പാർട്ടിയാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിയിൽ ഷുക്കൂർ കൊലപാതകത്തിൽ അടിയന്തര പ്രമേയം അനുവദിക്കാത്തതിനെതിരെ നിയമസഭക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ധാർഷ്ട്യവും അക്രമ രാഷ്ട്രീയവും ഉമ്മമാരുടെ കണ്ണീരിൽ ഒലിച്ചുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

ഷുക്കൂർ കൊലപാതക കേസിലെ പ്രതി ടിവി രാജേഷിനു എംഎൽഎ ആയി തുടരാൻ അർഹതയില്ലെന്നും കൊലക്കേസിലെ പ്രതികളായ ക്രിമിനലുകൾക്ക് ഇരിക്കാനുള്ള ഇടമല്ല നിയമസഭയെന്നും അദ്ദേഹം വ്യക്തമാക്കി.

അരിയിൽ ഷുക്കൂറിനെ പൊതുവിചാരണ നടത്തി ആൾക്കൂട്ട കൊലപാതകത്തിലൂടെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ പാർട്ടിയാണ് സിപിഎം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎൽഎയും പ്രതികളായത് ഈ പാർട്ടി എത്രത്തോളം അക്രമത്തിനു നേതൃത്വം വഹിക്കുന്നു എന്നതിന് തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.