പെരിയയിലെ അക്രമങ്ങള്‍ തീക്കളിയാണെന്ന് സി പി എം തിരിച്ചറിയണം: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, May 7, 2019

കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രക്തക്കറമായും മുമ്പ് തന്നെ  കാസര്‍കോട്  പെരിയയില്‍  വീണ്ടും   അക്രമങ്ങള്‍ അഴിച്ച് വിട്ടതോടെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലന്ന സൂചനയാണ് സി പി എം നല്‍കുന്നതെന്നും ഇത് തീക്കളിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു.   രക്തസാക്ഷികളായ  കൃപേഷിന്‍റെയും, ശരത് ലാലിന്‍റെയും സ്മരണക്കായി പണികഴിപ്പിച്ച സ്തൂപവും കൊടിമരവും തകര്‍ത്തുകൊണ്ട് അഴിഞ്ഞാടിയ സി പി എം അക്രമി സംഘം  കൃപേഷിന്‍റെ പിതാവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.  കല്യോട് ടൗണില്‍  കോണ്‍ഗ്രസിന്‍റെ  ബാനറുകളും, കൊടിതോരണങ്ങളുമെല്ലാം നശിപ്പിച്ച സി പിഎം സംഘം  വാദ്യകലാസംഘം ഓഫീസും തകര്‍ത്തു. സി പി എം സംഘടിപ്പിച്ച പൊതു യോഗത്തിനിടക്കാണ് ഈ അക്രമങ്ങളെല്ലാം അരങ്ങേറിയത്.

പൊലീസ് സംവിധാനം തികച്ചും നിര്‍വ്വീര്യമാണെന്നും സി പി എമ്മിന്‍റെ ചട്ടുകമായാണ് പൊലീസ്  ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.   സംഘര്‍ഷം അഴിച്ച് വിട്ടുകൊണ്ടും, കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അവരുടെ കുടംബങ്ങളെയും ആക്രമിച്ച് കൊണ്ടും മുന്നോട്ട് പോകാമെന്ന് സി പി എം കരുതേണ്ടന്നന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി പിഎം പരാജയ ഭീതിയിലാണ്. ഇതോടെ സമ നില തെറ്റിയ സി പി എം നേതൃത്വം തങ്ങളുടെ അണികള്‍ക്ക് എന്തും  ചെയ്യാനുള്ള ലൈസന്‍സ്  നല്‍കിയിരിക്കുകയാണ്.  ഈ അക്രമങ്ങള്‍ ജനാധിപത്യ കേരളം കയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് സി പി എം കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.