തിരുവനന്തപുരം: എസ്.എഫ്.ഐയെ ഗുണ്ടാ സംഘമാക്കി മാറ്റിയെടുത്ത സി.പി.എം നേതൃത്വമാണ് ആ സംഘടനയുടെ അപചയത്തിന്റെ യഥാര്‍ത്ഥ പ്രതികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഇപ്പോള്‍ പുറത്തു വന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തുടനീളം എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം ഈ ശൈലിയിലാണ് നടക്കുന്നത്. മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അടിച്ചൊതുക്കുകയും, കോളേജ് കാമ്പസുകളില്‍ ആയുധപ്പുരകളാക്കി മാറ്റുകയും ചെയ്യുന്ന എസ്.എഫ്.ഐ നമ്മുടെ പൊതു വിദ്യാഭ്യാസ രംഗത്തെ തന്നെ അട്ടിമറിക്കുകയും അപഹസിക്കുകയുമാണ് ചെയ്യുന്നത്. സംഘടിതമായി കോപ്പി അടിക്കുക മാത്രമല്ല, സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കെട്ടുകണക്കിന് ശേഖരിച്ച് വച്ച് അവയില്‍ ഉത്തരം എഴുതി നല്കി പരീക്ഷാ സംവിധാനത്തെ തന്നെ നോക്കുകുത്തിയാക്കി മാറ്റുകയും ചെയ്യുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. മിടുക്കരായ കുട്ടികള്‍ രാത്രി പകലാക്കി പഠിച്ചു പരീക്ഷ എഴുതുന്നതിന് ഒരു അര്‍ത്ഥവുമില്ലാത്ത അവസ്ഥയാണ് എസ്.എഫ്.ഐ സൃഷ്ടിച്ചത്.
യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല.
എസ്.എഫ്.ഐയുടെ പിഴച്ച പോക്കിനെ തള്ളിപ്പറയാൻ ധൈര്യമുണ്ടോ
മുഖ്യമന്ത്രി പിണറായി വജയൻ മൗനം പാലിക്കുന്നതെന്ത്?
പഠിക്കാന്‍ അനുവദിക്കാതെ കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി പ്രകടനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കൊണ്ടു പോവുകയും ഇവര്‍ ചെയ്യുന്നു. കോളേജ് ഹോസ്റ്റലുകല്‍ ഗുണ്ടാ താവളങ്ങളാക്കി മാറ്റുന്നു. പഠിത്തം കഴിഞ്ഞാലും നേതാക്കള്‍ വര്‍ഷങ്ങളോളം അവിടെ തമ്പടിക്കുന്നു. കോളേജ് യൂണിന് ഫണ്ട് യഥേഷ്ടം തിരിമറി നടത്തുകയും അപഹരിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം വളം വച്ചു കൊടുക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നത് സി.പി.എം നേതൃത്വമാണ്. കാമ്പസില്‍ എന്തു തോന്ന്യാസം ചെയ്താലും സംരക്ഷിക്കാന്‍ സി.പി.എം നേതൃത്വം ഉണ്ടെന്ന് വന്നത് എസ്.എഫ്.ഐയെ ക്രിമനലുകളുടെ കൂടാരമാക്കി മാറ്റി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ആയുധശേഖരം പിടിച്ചപ്പോള്‍ കുട്ടികളുടെ പഠനോപകരണങ്ങളാണെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്.എഫ്.ഐക്കാര്‍ കോളേജ് പ്രിന്‍സിപ്പലിന് ശവമാടം ഒരുക്കിയപ്പോള്‍ കുട്ടികളുടെ കലാവിരുതെന്നാണ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പറഞ്ഞത്. എറണാകുളം മഹാരാജാസില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചപ്പോഴും അക്രമികള്‍ക്ക് സംരക്ഷണം നല്കുന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. ഇതാണോ സ്വാതന്ത്ര്യവും, സോഷ്യലിസവും ജനാധിപത്യവും ? പുതിയ പുതിയ ആശയങ്ങള്‍ വിരിയേണ്ട കലാലയങ്ങളെ കാലപ ഭൂമിയാക്കിയാണ് മാറ്റിയത്. തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വേണ്ടി കാമ്പസുകളില്‍ ക്രമിനല്‍ സംഘങ്ങളെ വളര്‍ത്തുകയാണ് സി.പി.എം നേതൃത്വം ചെയ്തത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഭവ വികാസങ്ങള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സംസ്ഥാനത്ത് എല്ലായിടത്തും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്ന സി.പി.എം നേതാക്കള്‍ക്ക് എസ്.എഫ്.ഐയുടെ പിഴച്ച പോക്കിനെ തള്ളിപ്പറയാന്‍ ധൈര്യമുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇത്രയൊക്കെ വിവരങ്ങള്‍ പുറത്തു വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മൗനം പാലിക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.