വനിതാ മതിലിന്റെ രക്ഷാധികാരിയായി തന്നെ വച്ചത് മര്യാദകേടും അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും : രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരിതിരിവിന് കാരണമാകുന്ന വനിതാ മതിലിന്റെ ആലപ്പുഴയിലെ രക്ഷാധികാരിയായി തന്നോട് ആലോചിക്കാതെ തന്നെ വച്ചത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇത് ചെയ്തത്. ഇതിലുള്ള തന്റെ പ്രതിഷേധം ആലപ്പുഴ ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന പേരില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് തനിക്കും യു.ഡി.എഫിനുമുള്ള എതിര്‍പ്പ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രമല്ല സമൂഹത്തില്‍ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കുന്ന ഈ നീക്കം അപകടകരവുമാണ്. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തന്നെ താന്‍ കത്തും നല്‍കിയിട്ടുണ്ട്. എന്നിട്ടും തന്നെ ഈ പരിപാടിയുടെ രക്ഷാധികാരിയാക്കുകയും അത് പത്രക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തത് രാഷ്ട്രീയ സദാചാരത്തിന് ചേരുന്ന നടപടി അല്ല. രണ്ടു തവണയാണ് പി.ആര്‍.ഡി പത്രക്കുറിപ്പിറക്കിയത്.

ആദ്യ പത്രക്കുറിപ്പില്‍ തന്‍റെ പേരില്ലായിരുന്നു. രണ്ടാമത്തേതില്‍ പേരു വച്ച് തന്നെ ഇറക്കി. ഇത് മനപൂര്‍വ്വമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്നെ രക്ഷാധികാരിയാക്കിയ നടപടി ഉടന്‍ പിന്‍വലിക്കണം. വനിതാ മതില്‍ സംരംഭത്തിന്റെ പൊള്ളത്തരവും കാപട്യവുമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala
Comments (0)
Add Comment