കിഫ് ബി യിലും കിയാലിലും സമ്പൂർണ സിഎജി ഓഡിറ്റിംഗ് നടത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ ചെലവിൽ ഉല്ലാസയാത്ര നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ് ബി യിലും കിയാലിലും സമ്പൂർണ സിഎജി ഓഡിറ്റിംഗ് നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ വികസനം പൂർണമായും സ്തംഭിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇമെയിലിലൂടെ കിട്ടേണ്ട രേഖകൾ വാങ്ങാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം ലോകം ചുറ്റുന്നത്. ഈ യാത്ര കൊണ്ട് സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കിയാലിൽ സി എ ജി സമ്പൂർണ ഓഡിറ്റ് നടത്താൻ ഇനിയെങ്കിലും സർക്കാർ തയാറാകണം. കിഫ്ബിയും സമ്പൂർണ ഓഡിറ്റിംഗിന് വിധേയമാക്കണം. അഴിമതികൾ പുറത്ത് വരാതിരിക്കാനാണ് സിഎജി ഓഡിറ്റിംഗിനെ സർക്കാർ എതിർക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

തദ്ദേശ സ്ഥാപനങ്ങളിൽ സമ്പൂർണമായ വികസന സ്തംഭനമാണ് നിലനിൽക്കുന്നത്. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിക്ക് കാരണം.ഗുരുതരസമായ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോൾ നിയമസഭയിലും ധൂർത്ത് തുടരുകയാണ്. സഭയിൽ ഇ.എം.എസ് സ്മൃതി വിഭാഗം രൂപീകരിക്കാനായി ലക്ഷങ്ങൾ ധൂർത്തടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Ramesh Chennithala
Comments (0)
Add Comment