ശബരിമല : സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി മൂന്നംഗ സമിതിയെ എന്തിന് നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി ചിന്തിക്കണം. നിരീക്ഷണ സമിതിയെ നിയോഗിച്ചത് സർക്കാരിന്‍റെ പിടിപ്പുകേടാണ്. മുഖ്യമന്ത്രി ദന്ത ഗോപുരത്തിൽ നിന്നും ഇറങ്ങിവരണമെന്നും ഭക്തരുടെ വികാരത്തിന്‍റെ അളവ് അറിയാതെ ആണ് മുഖ്യമന്ത്രി പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ 2016ലെ നിലപാട് തന്നെയാണ് ഇപ്പോളും യുഡിഎഫിന് ഉള്ളത്. വിധി പകർപ്പ് കിട്ടുന്നതിന് മുൻപ് വിധി നടപ്പിലാക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. ഈ വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണ്. ഹര്‍ജിക്കാരും സർക്കാരും ഒരേ നിലപാട് എടുത്തത് കൊണ്ടാണ് ഈ വിധി ഉണ്ടായത്.

പിണറായി വിജയൻ സിപിഎം പാർട്ടി സെക്രട്ടറി അല്ല കേരളത്തിന്‍റെ മുഖ്യമന്ത്രി ആണെന്നും പ്രതിപക്ഷ നേതാവ് ഓര്‍പ്പിച്ചു.

മുഖ്യമന്ത്രി നവോത്ഥാന പ്രസംഗം നടത്തി രാഷ്ട്രീയം കളിക്കുകയാണ്. സംഘർഷം ഒഴിവാക്കാൻ ഉള്ള ശ്രമം നടത്തിയില്ല. ഇത് ബി.ജെ.പി യെ വളർത്താനാണ്.

സർദാർ പട്ടേലിന്‍റെ പേരിൽ ബി.ജെ.പി അവകാശം ഉന്നയിക്കുന്നത് പോലെയാണ് നവോത്ഥനത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ അവകാശവാദം. വരാൻ പോകുന്ന സുപ്രീം കോടതി വിധികളെയും മുഖ്യമന്ത്രി സ്വാഗതം ചെയുമോ എന്ന് ചോദിച്ച അദ്ദേഹം ഭരണഘടന ഭേദഗതിക്ക് കേന്ദ്രം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശബരിമലയിൽ വത്സൻ തില്ലങ്കരി പോലീസിനെ നിയന്ത്രിച്ചു. വർഗീയവാദികളെ നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ല. ബി.ജെ.പി.യെ മഹത്വവൽക്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഏത്ര വിചാരിച്ചാലും ആർ.എസ്.എസിന് കേരളത്തിന്‍റെ മതേതര മനസ്സ് മാറ്റാൻ കഴിയില്ല.

Ramesh Chennithalakerala assembly
Comments (0)
Add Comment