പോലീസിലെ പുതിയ മാറ്റങ്ങള്‍ തുഗ്ലക് പരിഷ്കാരം, ജൂനിയര്‍ ഉദ്യോഗസ്ഥനെ നിയമിച്ചതിലൂടെ സര്‍ക്കാര്‍ വിജിലന്‍സിന്‍റെ വിശ്വാസ്യത തകര്‍ത്തു : രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, February 28, 2019

പോലീസ് തലപ്പത്ത് സര്‍ക്കാര്‍ നടത്തിയ പുതിയ അഴിച്ചുപണിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാന പാലനത്തിന് പുതിയ എ.ഡി ജി.പിയെ നിയമിച്ചത് തുഗ്‌ളക്ക് പരിഷ്‌കാരമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിജിലന്‍സിലെ കേഡര്‍ പോസ്റ്റില്‍ ജൂനിയര്‍ ഉദ്യേഗസ്ഥനെ നിയമിച്ചതിലൂടെ വിജിലന്‍സ് സംവിധാനത്തിന്‍റെ വിശ്വാസ്യത തന്നെ സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. യു.ഡി.എഫ് ഭരണകാലത്ത് സീനിയര്‍ എ.ഡി.ജി.പിയായിരുന്ന ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ ആയി നിയമിച്ചതിനെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ ഏറ്റവും ജൂനിയര്‍ എ.ഡി.ജി.പിക്ക് വിജിലന്‍സിന്‍റെ ചുമതല നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് വിജിലന്‍സിലെ കേസുകള്‍ അട്ടിമറിക്കാനും സര്‍ക്കാരിന്‍റെ ആജ്ഞാനുവര്‍ത്തിയായി വിജിലന്‍സ് വകുപ്പിനെ മാറ്റാനുമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ഉള്ളപ്പോള്‍ അതിനുകീഴില്‍ ഒരു എ.ഡി.ജി.പിക്ക് ക്രമസമാധാന ചുമതല നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. നേരത്തെ സോണല്‍ തലങ്ങളില്‍ എ.ഡി.ജി.പിമാരുടെ സാന്നിധ്യം മൂലം ക്രമസമാധാന പാലനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇവര്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന സാഹചര്യമാണ് ഈ തീരുമാനം മൂലം ഇല്ലാതായിരിക്കുന്നത്. സോണല്‍ തലത്തിലെ ഗൗരവതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ.ഡി.ജി.പിയെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്നുകാണേണ്ട സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഐ.ജി മാരുടെ എണ്ണം കുറച്ച നടപടിയും അംഗീകരിക്കാനാവില്ല. ഇത് ക്രമസമാധാന നില വഷളാക്കാനേ ഉപകരിക്കൂ എന്നതുകൊണ്ട് ഇത്തരം തുഗ്‌ളക്ക് പരിഷ്‌കാരങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.[yop_poll id=2]