സംസ്ഥാന ബജറ്റ് പോലെ ജനങ്ങളെ ജനങ്ങളെ കബളിപ്പിക്കുന്നതാണ് കേന്ദ്ര ബജറ്റും : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 1, 2021

സംസ്ഥാന ബജറ്റ് പോലെ ജനങ്ങളെ ജനങ്ങളെ കബളിപ്പിക്കുന്നതാണ് കേന്ദ്ര ബജറ്റുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ എന്തൊക്കയോ കൊടുത്തു എന്ന പ്രതീതി സൃഷ്ടിച്ചു എന്നല്ലാതെ കൊവിഡിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജനങ്ങളെ സഹായിക്കുന്ന പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിലില്ല. ജനങ്ങളുടെ വരുമാനവും ക്രയശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. പതിവ് പോലെ വന്‍കിട കോര്‍പ്പറേറ്റുകളെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നതാണ് ഈ ബജറ്റ്.

കേരളത്തില്‍ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ – കന്യാകുമാരി ദേശീയ വികസനം നേരത്തെ പ്രഖ്യാപിച്ചതും നടന്നു വരുന്നതുമായ പദ്ധതിയാണ്. പുതിയ കാര്യം പോലെ അതിന്മേല്‍ പ്രഖ്യാപനം നടത്തിയത് തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ്. ഇതും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും കൊച്ചി മത്സ്യബന്ധന തുറമുഖ വികസനവും ഒഴിച്ചാല്‍ കേരളത്തിന് കാര്യമായി ഒന്നുമില്ല.

റബര്‍ ഉള്‍പ്പടെ കേരളത്തിന്‍റെ നാണ്യവിളകളെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ബജറ്റിലില്ല. റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തിയിട്ടില്ല. പുതിയ പൊതുമേഖലാ സ്ഥാപനങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ കേരളത്തിന് അനുവദിച്ചിട്ടില്ല. കേരളം കാത്തിരുന്ന റെയില്‍വേ വികസന കാര്യത്തില്‍ എന്തെങ്കിലും പ്രഖ്യാപനം നടത്തിയിട്ടില്ല.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്താപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന വിനാശകരമായ രീതി തുടരുകയാണ്.

എല്‍.ഐ.സി.യുടെ ഓഹരി വന്‍തോതില്‍ വിറ്റഴിയ്ക്കുകയാണ്. എല്‍.ഐ.സി.യുടെ വിദേശനിക്ഷേപം 49 ല്‍നിന്ന് 74 ശതമാനം ആക്കി ഉയര്‍ത്തിയതോടെ ആ സ്ഥാപനം പൂര്‍ണ്ണമായി വിദേശ കമ്പനികളുടെ പിടിയിലാവും.

കര്‍ഷക പ്രക്ഷോഭം മുന്നില്‍കണ്ട് കര്‍ഷകരെ തണുപ്പിക്കാനായി കുറേ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില സംഭരണം തുടരും. കാര്‍ഷിക ചെലവിന്റെ ഒന്നര ഇരട്ടി ഉറപ്പാക്കുന്ന രീതിയില്‍ താങ്ങുവില നല്‍കുമെന്നൊക്കെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തിടത്തോളം ഇതെങ്ങനെ പ്രയോഗികമാവുമെന്ന് കണ്ടറിയണം.

ആദായനികുതി സ്ലാബിലും നിരക്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ശമ്പളത്തെ മാത്രം ആശ്രയിക്കുന്നവരും ഇടത്തരക്കാരും ആദായ നികുതി ഇളവ് പ്രതീക്ഷിച്ചിരുന്നതാണ്. അവരെ നിരാശപ്പെടുത്തി.
കയര്‍, കശുവണ്ടി തുടങ്ങിയ കേരളത്തിന്റെ പരമ്പരാഗത വ്യവസായത്തിന് ആശ്വസം നല്‍കുന്ന പ്രഖ്യാപനങ്ങളും ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായിട്ടില്ല.