യെഡ്ഡി ഡയറിയില്‍ ബി.ജെ.പിയുടെ മുഖംമൂടി അഴിഞ്ഞുവീണു; പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാന്‍ ബി.ജെ.പിയുടെ ശ്രമം : രമേശ് ചെന്നിത്തല

Jaihind Webdesk
Friday, March 22, 2019

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാകാന്‍ ബി.എസ് യെദ്യൂരപ്പ 1,800 കോടി രൂപ ബി.ജെ.പി നേതാക്കള്‍ക്കും, കേന്ദ്ര നേതൃത്വത്തിനും കൈക്കൂലി നല്‍കിയ വിവരം ഡയറിക്കുറിപ്പിലൂടെ പുറത്ത് വന്നതോടെ ബി.ജെ.പിയുടെ മുഖം മൂടി അഴിഞ്ഞുവീണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ അപഹാസ്യമായ ശ്രമമാണ് ഡയറിക്കുറിപ്പുകളിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര കാബിനറ്റ് മന്ത്രിമാരടക്കമുള്ള ഉന്നതരായ ബി.ജെ.പി നേതാക്കളാണ് യദ്യൂരപ്പയില്‍ നിന്ന് നൂറുകണക്കിന് കോടി രൂപ കൈക്കൂലിയായി വാങ്ങിയത്. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവര്‍ കൈക്കൂലി വാങ്ങുന്നത് ലോകത്തിലെ തന്നെ ആദ്യത്തെ സംഭവമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഉന്നതമായ മൂല്യങ്ങളെയും, അതിന്‍റെ അന്ത സത്തയെയും പൂര്‍ണ്ണമായും തകര്‍ക്കുകയും, ജനങ്ങളെ തന്നെ വെല്ലുവിളിക്കുകയുമാണ് ഇതിലൂടെ ബി.ജെ.പിയും യദ്യൂരപ്പയും ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബി.ജെ.പി അധ്യക്ഷനായിരുന്ന നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ് തുടങ്ങി യദ്യൂരപ്പയുടെ കയ്യില്‍ നിന്ന് നൂറും നൂറ്റമ്പതും കോടി കൈപ്പറ്റിയെന്ന് പറയുന്ന ഉന്നത നേതാക്കളെല്ലാം കേന്ദ്രത്തില്‍ കാബിനറ്റ് റാങ്കോടെ മന്ത്രിമാരാണ്. ഇവര്‍ക്ക് ഇനി ആ സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ല. ബി.ജെ.പിയുടെ കേന്ദ്ര കമ്മിറ്റിക്ക് ആയിരം കോടി രൂപ കൊടുത്തുവെന്നും ഡയറിയിലുണ്ട്. ഈ ഡയറി യദ്യൂരപ്പ സ്വന്തം കൈകൊണ്ടെഴുതി ഒപ്പ് വെച്ചിട്ടുള്ളതും ആദായ നികുതി വകുപ്പിന്‍റെ കൈവശം ഉള്ളതുമാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എല്ലാ നേതാക്കളും ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വണ്ണം കൈക്കൂലിക്കേസില്‍ ആരോപണവിധേയരായിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് മുഖ്യമന്ത്രിയാക്കാന്‍ കൈക്കൂലി വാങ്ങിച്ച ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തില്‍ വന്നത് ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പുകളെ അട്ടിമറിച്ചും, ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തിയും, ജനപ്രതിനിധികളെ വിലയ്ക്കെടുത്തുമാണ്. റഫാല്‍ അഴിമതിയിലെ കളങ്കം ബി.ജെ.പി യുടെ മുഖത്ത് ഇപ്പോള്‍ തന്നെ കറുത്ത പാടുകള്‍ വീഴ്ത്തിക്കഴിഞ്ഞു. ഈ കൊടിയ അഴിമതി കൂടിയായതോടെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യേണ്ട പാര്‍ട്ടിയായി ബി.ജെ.പി മാറിക്കഴിഞ്ഞുവെന്നും, ഈ സംഭവത്തില്‍ ആരോപണവിധേയരായ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ഉന്നത കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.