കാഴ്ചശക്തി ഇല്ലെന്നറിഞ്ഞിട്ടും ഞങ്ങള്‍ ചേർത്തുപിടിച്ച ‘സ്‌കൂബി’ ; വളർത്തുനായയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, December 14, 2020

 

തിരുവനന്തപുരം : നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിക്കുന്ന  കൊടുംക്രൂരതയുടെ ദൃശ്യം  കേരളം ഏറെ നോവോടെയാണ് കണ്ടത്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി  തന്‍റെ പ്രിയപ്പെട്ട വളർത്തുനായയെക്കുറിച്ചുള്ള അനുഭവം  പങ്കുവെച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാഴ്ചശക്തി ഇല്ലെന്ന് അറിഞ്ഞിട്ടും ഏറെ ഇഷ്ടത്തോടെ താനും കുടുംബവും വളർത്തുനായ സ്കൂബിയെ ചേർത്തുപിടിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഏതെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതൽ നൽകും എന്ന് പറയുന്നത് സ്‌കൂബിയുടെ കാര്യത്തിൽ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ചെത്തികൂർപ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല, അവർ കൂടി അവകാശികളാണ്’ – പ്രതിപക്ഷ നേതാവ് കുറിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ, ഞങ്ങളുടെ വളർത്തുനായ സ്‌കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി.

ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ ഇടിച്ചാണ് നിൽക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്.

കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചു തുടങ്ങി. ഏതെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതൽ നൽകും എന്ന് പറയുന്നത് സ്‌കൂബിയുടെ കാര്യത്തിൽ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ചെത്തികൂർപ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു.

സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല, അവർ കൂടി അവകാശികളാണ്.