അരിമില്ലുടമകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കേരള സര്‍ക്കാരിന്റെ ഇളവ്; വിജിലന്‍സ് അന്വേഷണത്തിന് രമേശ് ചെന്നിത്തല പരാതി നല്‍കി

Jaihind Webdesk
Saturday, April 20, 2019

തിരുവനന്തപുരം: അരി മില്ലുടമകള്‍ക്ക് കോടികളുടെ കൊള്ള ലാഭമുണ്ടാക്കി കൊടുക്കുന്ന വിധത്തില്‍ നെല്ല് സംഭരണത്തിലെ വ്യവസ്ഥ ഇളവ് ചെയ്തതിന് പിന്നിലെ കൊടിയ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിന് പരാതി നല്‍കി.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നെല്ല് സംഭരിക്കുന്ന മില്ല് ഉടമകള്‍ ഒരു ക്വിന്റല്‍ നെല്ല് സംഭരിച്ചാല്‍ അത് 68 ശതമാനം അരിയാക്കി സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ അടക്കമുള്ള പുറം മാര്‍ക്കറ്റുകളിലേക്ക് നല്‍കണം എന്നായിരുന്നു കരാര്‍ വച്ചിരുന്നത്. ഇത് ദേശീയ തലത്തിലുള്ള മാനദണ്ഡമാണ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഒരു കിന്റല്‍ നെല്ല് കുത്തിയാല്‍ 64.5 ശതമാനം അരി മാത്രം നല്‍കിയാല്‍ മതിയെന്നാക്കിയാണ് ഇളവ് നല്‍കിയത്. നൂറു കിലോ നെല്ലു കുത്തുന്ന മില്ലുടമ 68 കിലോ അരി നല്‍കണം എന്നാണ് യു ഡി എഫ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയതെങ്കില്‍ അറുപത്തിനാലര കിലോ അരി തന്നാല്‍ മതിയെന്നാണ് ഇടതു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഈ സീസണില്‍ 51 ലക്ഷം ടണ്‍ നെല്ലാണ് സംഭരിച്ചത്. ഇത് വഴി കോടികളുടെ ലാഭമാണ് മില്ലുടമകള്‍ക്ക് ഉണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നത് വരെ ഇളവ് നല്‍കുന്നതിനാവശ്യമായി വരുന്ന തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് ഉത്തരവ്. മില്ലുടമകള്‍ക്ക് ലാഭമുണ്ടാക്കാന്‍ സംസ്ഥാന ഖജനാവ് ധൂര്‍ത്തടിക്കുകയാണ് ഇത് വഴി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.