സംഘ്പരിവാര്‍ സംഘടനയുടെ പരിപാടിയില്‍ മന്ത്രി പങ്കെടുത്തതിനു പിന്നില്‍ സിപിഎം-ബിജെപി രഹസ്യബാന്ധവം : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, December 15, 2018

Ramesh-Chennithala

തിരുവനന്തപുരം : ആര്‍.എസ്.എസ്സിന്‍റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെ ഗുജറാത്തില്‍ നടന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് പരിപാടിയില്‍ മന്ത്രി ശൈലജ ടീച്ചര്‍ പങ്കെടുത്തതിനുപിന്നില്‍ സംഘ്പരിവാര്‍ സി.പി.എം. രഹസ്യബന്ധമാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വിജ്ഞാന്‍ ഭാരതി സംഘ്പരിവാര്‍ സംഘടനയുടെ ശാസ്ത്രവിഭാഗമാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്. കേന്ദ്രഗവണ്‍മെന്റ് സഹായത്തോടുകൂടെ നടത്തുന്ന ഈ പരിപാടിയില്‍ മന്ത്രിയെ ക്ഷണിച്ചത് വിജ്ഞാന്‍ ഭാരതിയുടെ ട്രസ്റ്റ് സ്ഥാപനമായ നാഷണല്‍ ആയുര്‍വേദ ഫൗണ്ടേഷന്‍ ട്രഷറര്‍ ഡോ. സുനില്‍കുമാറാണ്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ യോഗം സ്വന്തം ചേംബറില്‍ വിളിച്ചുകൂട്ടിയശേഷം സര്‍ക്കാര്‍ ചെലവില്‍ മന്ത്രിയും 16 പേര്‍ അടങ്ങുന്ന ഉദ്യോഗസ്ഥന്മാരും ഗുജറാത്തിലെത്തിയത്.

ഈ പരിപാടിയില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും മന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും ഒരാള്‍പോലും പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി.യോടും സംഘ്പരിവാറിനോടുമുള്ള മൃദുസമീപനത്തിന്റെ ഇരട്ടമുഖമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരിയില്‍ കേരളത്തില്‍ നടക്കുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുക്കാനും വിജ്ഞാന്‍ ഭാരതിയുടെ ട്രസ്റ്റി സ്ഥാപനമായ നാഷണല്‍ ആയുര്‍വേദ ഫൗണ്ടേഷനെയും ക്ഷണിച്ചതായിട്ടാണ് വിവരം.

പരിപാടിക്ക് പ്രാതിനിധ്യം കുറവായതുകാരണം നാല് തവണ മാറ്റിവച്ച ശേഷമാണ് ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് സംഘ്പരിവാര്‍ ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍വേണ്ടി ആര്‍.എസ്.എസ്സിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് മന്ത്രി വിജ്ഞാന്‍ ഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല. സി.പി.എമ്മിന്‍റെയും സര്‍ക്കാരിന്‍റെയും അറിവോടുകൂടിതന്നെയാണ് സംഘ്പരിവാര്‍ പരിപാടിയില്‍ മന്ത്രി പങ്കെടുത്തത്. പുറമേ ആര്‍.എസ്.എസ്. വിരോധം പ്രകടിപ്പിക്കുകയും മറുപക്ഷത്ത് സംഘ്പരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത് ജനങ്ങളെ വിഡ്ഡികളാക്കുകയും ചെയ്യുന്ന സി.പി.എം. സമീപനം തന്നെയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.[yop_poll id=2]