ധനമന്ത്രി ഗുരുതര ചട്ടലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല; ‘ഐസക്കിന് ഹാലിളകിയത് കിഫ്ബിയിലെ അഴിമതി സിഎജി കണ്ടെത്തിയപ്പോൾ’

Jaihind News Bureau
Saturday, November 14, 2020

ധനമന്ത്രി തോമസ് ഐസക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ മേശപ്പുറത്ത് വക്കാത്ത കരട് റിപ്പോർട്ട് ധനമന്ത്രി ചോർത്തി പുറത്ത് വിട്ട് പത്രസമ്മേളനം നടത്തിയത് രാജ്യത്ത് തന്നെ ആദ്യം. ധനമന്ത്രിയുടെ അവകാശ ലംഘന നടപടിക്കെതിരെ സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും ധനമന്ത്രിയുടെ നടപടിയെ അപലപിക്കുന്നതായും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.

കിഫ്ബിയെ തകർക്കാൻ C&AG ശ്രമിക്കുന്നു എന്ന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്‍റെ പ്രസ്താവന ഏത് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമസഭയുടെ മേശപ്പുറത്ത് വക്കാത്ത റിപ്പോർട്ടിൽ എങ്ങനെ ധനമന്ത്രി മറുപടി പറയും. ധനമന്ത്രി ഗുരുതര ചട്ടലംഘനം നടത്തി. C&AG റിപ്പോർട്ട് ചോർത്തിയാണ് ധനമന്ത്രി പത്ര സമ്മേളനം നടത്തിയത്. നിയമസഭയുടെ അവകാശ ലംഘനത്തിനെതിരെ പ്രതിപക്ഷം സ്പീക്കറെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ സർക്കാരിന് ഓഡിറ്റിനെ ഭയമാണ്. C&AGയെ അപമാനിക്കുകയാണ് ധനമന്ത്രി ചെയ്തത്. ഈ പ്രഹസനം അഴിമതി പുറത്തുവരുന്നു എന്നുളളതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സിആന്‍ഡ്എജി വിരുദ്ധ പ്രഖ്യാപനം നടത്തിയാല്‍ കേന്ദ്ര വിരുദ്ധ പ്രഖ്യാപനമാകുമെന്നാണ് ധനമന്ത്രിയുടെ വിചാരമെന്ന് VD സതീശൻ MLA പറഞ്ഞു.

പ്രതിപക്ഷ എം.എല്‍.എ മാരായ VD സതീശൻ, PT തോമസ്, KM ഷാജി എന്നിവർക്കെതിരെ രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായാണ് സർക്കാർ കേസുകളെടുത്തത്. ഇതിനെ നിയമപരമായും, രാഷ്ട്രിയമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.