മോദി സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്‍ കര്‍ഷകന് മരണക്കുരുക്ക് : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, September 20, 2020

തിരുവനന്തപുരം: കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച്  രാജ്യസഭയില്‍  കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ  കാര്‍ഷിക ബില്ല്  ഇന്ത്യന്‍ കര്‍ഷകന്  മരണക്കുരുക്കായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കര്‍ഷക    പ്രക്ഷോഭങ്ങളെ   അവഗണിച്ച്,  അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കുകപോലും ചെയ്യാതെ അവതരിപ്പിച്ച  ബില്ല് കോര്‍പ്പറേറ്റുകള്‍ക്ക്  വന്‍ തോതില്‍ ഭൂമി ലഭ്യമാക്കുകയും, പാവപ്പെട്ട കര്‍ഷകരെ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍നിന്ന് പുറത്താക്കുകയുമാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതികസഹായങ്ങളും ഇനി വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിവരും. ഭൂമാഫിയയ്ക്കും വന്‍ ഭക്ഷ്യവ്യവസായികള്‍ക്കും മാത്രമാണ് ഈ ബില്ലുകൊണ്ട് നേട്ടങ്ങളുണ്ടാവുക.

കരാർക്കൃഷി പ്രോത്സാഹിപ്പിക്കുന്ന ബില്ല് കേരളത്തിന് വന്‍ദോഷകരമായിരിക്കും. ജനിതകമാറ്റം വരുത്തിയ വിളകള്‍ കേരളത്തില്‍ കൃഷിചെയ്യാന്‍ പാടില്ലെന്നിരിക്കെ ,കരാര്‍ക്കൃഷി വരുന്നതോടെ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യാന്‍  കരാര്‍ എടുത്ത കമ്പനിക്ക്   കഴിയും. വിളകളുടെ വില തീരുമാനിക്കുന്നതും അതിലൂടെ ലാഭം കൊയ്യുന്നതും കോര്‍പറേറ്റുകളായിരിക്കും. കര്‍ഷകരുടെ ആത്മഹത്യാനിരക്ക് കൂടുന്ന ഭാരതത്തില്‍ ഈ നീക്കം അവരെ വഴിയാധാരമാക്കുകയേ ചെയ്യുകയുള്ളൂ. മോദിയുടെ സുഹൃത്തുക്കളായ കോര്‍പ്പറേറ്റ് ഭീമന്‍മാരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണിതെന്നും  ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന്  രാജ്യം സാക്ഷ്യം വഹിക്കാന്‍  പോവുകയാണെന്നും  രമേശ് ചെന്നിത്തല വ്യക്തമാക്കി.