സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി കോമ്പന്‍സേഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി കോമ്പന്‍സേഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡ് 19 കേരളത്തിന്റെ വിവിധ മേഖലകളിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയിരുന്നു അദ്ദേഹം.

കോവിഡ് 19 ലോകത്താകമാനം ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. വരുമാനമില്ലാതെ ചെലവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒരു സംസ്ഥാന സര്‍ക്കാരിനും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനിടെയാണ് ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഉണ്ടായ നഷ്ടം നികത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുമെന്നായിരുന്നു. എന്നാല്‍ ഇതിന് ഘടകവിരുദ്ധമായാണ് ജി.എസ്.ടി കൗണ്‍സില്‍ എടുത്തിരിക്കുന്ന തീരുമാനം. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. സംസ്ഥാനങ്ങള്‍ കടമെടുത്ത് നഷ്ടം നികത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അത് ഒരിക്കലും യോജിച്ച നടപടിയല്ല. ഇക്കാര്യത്തില്‍ അടിയന്തിര ഇടപടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൃഷി നശിച്ചതിലൂടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാര്‍ഗമില്ലാതായതോടെയും കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ ടൂറിസം മേഖലയും വളരെയധികം പ്രതിസന്ധി നേരിടുന്നു. പ്രവാസികളുടെ അവസ്ഥയും ഇതുതന്നെയാണ്. പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച സാമ്പത്തിക സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഐ.ടി മേഖലയിലും വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം മറികടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല. അതിനു മുമ്പ് തന്നെ ആര്‍.ജി.ഐ.ഡി.എസിന് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യാന്‍ കഴിഞ്ഞുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Ramesh Chennithala
Comments (0)
Add Comment