കോടിയേരിയുടെ ജാതീയ അധിക്ഷേപം ദൗര്‍ഭാഗ്യകരം; ആര്‍.എസ്.എസിനെ വളര്‍ത്താനുള്ള സി.പി.എം പരിപാടി അവസാനിപ്പിക്കണം: കോടിയേരിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, January 5, 2019

Ramesh-Chennithala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോടിയേരി ബാലകൃഷ്ണന്‍ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ആക്ഷേപം ദൗര്‍ഭാഗ്യകരമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രമേശ് ചെന്നിത്തല കോടിയേരിയുടെ ആക്ഷേപത്തിന് മറുപടി നല്‍കിയത്. ആജീവനാന്തകാലം ഡെപ്യൂട്ടി ലീഡര്‍ ആകേണ്ടിവരുമോ എന്ന ഭയത്താലാണ് കോടിയേരിയുടെ ആക്ഷേപങ്ങളെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസിനെ വളര്‍ത്തുന്ന സി.പി.എം പരിപാടി ഇനിയെങ്കിലും നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ എന്നെ ജാതിപറഞ്ഞു ആക്ഷേപിച്ചത് തികഞ്ഞ ദൗർഭാഗ്യകരമായ സംഭവമാണ്. വർഗ രാഷ്ട്രീയത്തിൽ നിന്നും വർഗീയ രാഷ്ട്രീയത്തിലേക്കുള്ള സിപിഎമ്മിന്റെ അധ:പതനം മൂലമാണ് പാർട്ടിസെക്രട്ടറി ഇങ്ങനെയൊക്കെ ആക്ഷേപിക്കുന്നത്.

കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷത്തെ ഡെപ്യുട്ടി ലീഡർ ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ പാർട്ടി സെക്രട്ടറി ആണെങ്കിലും ഡെപ്യുട്ടി ലീഡർ ആയിരിക്കേണ്ട യോഗമാണ് അദ്ദേഹത്തിനുള്ളത്. ആജീവനന്തകാലം ഡെപ്യുട്ടി ലീഡർ ആകേണ്ടി വരുമോ എന്ന ഭയം മൂലമാണ് കോടിയേരി ഇങ്ങനെയൊക്കെ പെരുമാറുന്നത്.

ജാതീയമായി ആക്ഷേപിച്ചു കോടിയേരി ബാലകൃഷ്ണൻ ഇത്രയും തരം താഴരുത്. വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽക്കേ രാഷ്ട്രീയത്തിൽ ഉള്ള ആളാണ് ഞാൻ. അമ്പത് വർഷത്തോളമായി പൊതുപ്രവർത്തനം നടത്തുകയും ചെയ്യുന്നു. ഒരാളെയും ഇങ്ങനെ ആക്ഷേപിക്കരുത്. എം കെ മുനീറിനെയും എൻ കെ പ്രേമചന്ദ്രനെയും എന്നെയുമൊക്കെ സംഘി ചാപ്പ കുത്തി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കമ്മികൾ ആക്ഷേപം നടത്തുന്നത് ശ്രദ്ധിക്കാറുണ്ട്. ഇതിന്റെയെല്ലാം പ്രഭവകേന്ദ്രം കൊടിയേരി ആണെന്ന് ഇപ്പോഴാണ് തെളിഞ്ഞത്. മാറാല കെട്ടിയ ഇടുങ്ങിയ മനസ്സിൽ ജാതിചിന്ത സൂക്ഷിക്കുന്നത് കൊണ്ടാണ് ഇത്തരം ജാതീയമായ പരാമർശം കോടിയേരിയുടെ വായിൽ നിന്ന് വീണത്. വർഗീയ മതിലിന് ശേഷം മനുഷ്യരെ ക്രിസ്ത്യൻ ,മുസ്‌ലിം ,ഹിന്ദുക്കളിലെ ഉപജാതികൾ എന്നിങ്ങനെയാണ് പാർട്ടി സെക്രട്ടറി കാണുന്നത്. ആർ.എസ്.എസിനെ വളർത്തുന്ന പരിപാടി ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം.

പിന്നെ ഒരുകാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം.സിപിഎം വിതരണം ചെയ്യുന്ന മതേതര സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ട. ലീഡർ കെ കരുണാകരൻ ഞങ്ങളോട് ഒരു കാര്യം ഓർമിപ്പിക്കാറുണ്ടായിരുന്നു. സിപിഎമ്മും ദേശാഭിമാനിയും എന്തെങ്കിലും നല്ലത് പറഞ്ഞാൽ ആ കോൺഗ്രസുകാരന് എന്തെക്കെയോ സാരമായ കുഴപ്പം പറ്റിയിട്ടുണ്ടെന്ന്. നിങ്ങൾ ഞങ്ങളെ എതിർക്കുംതോറും ഞങ്ങൾ ശരിയായ വഴിയിലാണ് എന്ന് കൂടുതൽ ബോധ്യം വരികയാണ്.