തിരുവനന്തപുരം: കിഫ്ബിയില്‍ സി എ ജിക്ക് ഓഡിറ്റിംഗ് നടത്താന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നാവിശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന തരത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കത്തില്‍ താന്‍ ഉന്നയിച്ച വസ്തുതകള്‍ക്ക് ഒന്നും വ്യക്തമായ മറുപടി നല്‍കാതെ ഒളിച്ച് കളിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹത്തിന് നല്‍കിയ മറുപടിയില്‍ രമേശ് ചെന്നിത്തല പറയുന്നു. കിഫ്ബിയില്‍ സി എ ജി ക്ക് സ്വമേധയാ ഓഡിറ്റ് നടത്താനുള്ള എല്ലാ ചട്ടങ്ങളും ഉണ്ടെന്ന പൊള്ളയായ വാദമാണ് തനിക്ക് നല്‍കിയ കത്തില്‍ മുഖ്യമന്ത്രി ഉയര്‍ത്തുന്നത്.
സി എ ജിക്ക് ഓഡിറ്റ് നടത്താനുള്ള ചട്ടങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ ഓഡിറ്റ് നടത്തണമെന്നാവിശ്യപ്പെട്ട് സി എ ജി സര്‍ക്കാരിന് കത്ത് നല്‍കിയെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഡി പി സി നിയമം 1971 ലെ 14 (1) പ്രകാരം സി എ ജിക്ക് തങ്ങളുടെ അധികാരമുപയോഗിച്ച് സ്വമേധയാ ഓഡിറ്റിംഗ് നടത്താമെന്നും അതിന് സര്‍ക്കാര്‍ അനുമതി നല്‍കേണ്ട കാര്യമില്ലന്നുമാണ് മുഖ്യമന്ത്രി മറുപടി കത്തില്‍ പറയുന്നത്. എന്നാല്‍ ഡി പി സി നിയമം 1971 ലെ 14 (1) ല്‍ ഏത് സ്ഥാപനത്തിലാണോ സി എ ജി ഓഡിറ്റ് നടത്തുന്നത് ആ സ്ഥാപനത്തിലെ അതാത് കാലത്തെ നിയമങ്ങള്‍ക്ക് വിധേയമായി വേണം ഓഡിറ്റ് നടത്താനെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതായത് ഡി പി സി നിയമം 14 (1) പ്രകാരം സമഗ്രമായ ഓഡിറ്റിംഗ് നടത്താന്‍ സി എ ജിക്ക് കഴിയില്ല. അതേ സമയം സി എ ജി ആവശ്യപ്പെട്ട രീതിയില്‍ ഡി പി സി നിയമം ചട്ടം 20(2) പ്രകാരം ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അവരെ അനുവദിക്കുന്നുമില്ല.
ഈ ചട്ടപ്രകാരം സി എ ജി നടത്തുന്ന ഓഡിറ്റിംഗ് സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കില്ല.അതു പ്രകാരം കിഫ്ബിയുടെ എല്ലാ കണക്കുകളും വളരെ സുതാര്യമായി സി എ ജിക്ക് ഓഡിറ്റ് ചെയ്യാന്‍ കഴിയും എന്നാല്‍ അങ്ങിനെ ഓഡിറ്റ് നടന്നാല്‍ വന്‍ അഴിമതി വെളിച്ചത്ത് വരും എന്ന ഭീതി കൊണ്ട് സര്‍ക്കാര്‍ അതിന് അനുമതി നല്‍കാതിരിക്കുകയാണ്.
എന്നാല്‍ 14 (1) പ്രകാരം ഓഡിറ്റ് നടത്തുമ്പോള്‍ അത് സമഗ്രമായ ഓഡിറ്റിംഗ് അല്ലാത്തത് കൊണ്ട് സര്‍ക്കാരിന്റെ കള്ളിക്കളികള്‍ പുറത്ത് കൊണ്ടുവരാന്‍ സി എ ജിക്ക് കഴിയാതെ വരും. അത് കൊണ്ടാണ് 14 (1) പ്രകാരം ഓഡിറ്റ് നടത്തിയാല്‍ മതിയെന്ന വാദത്തില്‍ മുഖ്യമന്ത്രി കടിച്ച് തൂങ്ങിനില്‍ക്കുന്നത്.
1999ലെ കിഫ്ബി നിയമത്തില്‍ സി എ ജി ഓഡിറ്റ് നടത്താനുള്ള വ്യവസ്ഥയുണ്ടായിരുന്നു. പിന്നീട് 2010 ല്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്കാന്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ തിരുമാനിക്കുകയും, ഇതിനായി 1999 ലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാനായി പുതിയ ഭേദഗതികള്‍ 1999ലെ കിഫ്ബി നിയമത്തില്‍ കൊണ്ടുവന്നപ്പോള്‍ ബോധപൂര്‍വ്വം കിഫ്ബിയില്‍ സി എ ജി ഓഡിറ്റ് നടത്താനുള്ള നിയമ വ്യവസ്ഥകള്‍ ഒഴിവാക്കുകയുണുണ്ടായത്. സാഹചര്യം ഇതായിരിക്കെ 2010 ലെ വി എസ് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് സി എ ജി ഓഡിറ്റ് നിഷേധിക്കാന്‍ കാരണമായതെന്ന മുഖ്യമന്ത്രി എനിക്ക് നല്‍കിയ കത്തിലെ വാദം സി എ ജി തന്നെ ഖണ്ഡിക്കുന്നുണ്ട്. 2010 ല്‍ കിഫ്ബിയെ തന്നെ പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് അന്നത്തെ സര്‍ക്കാര്‍ നിയമ ഭേഗതികള്‍ കൊണ്ടുവന്നത്. എന്നാല്‍ 2016 ല്‍ കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തപ്പോള്‍ സിഎ ജി ഓഡിറ്റിനുള്ള ചട്ടം ഒഴിവാക്കിയെന്നാണ് സി എ ജി സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നത്.
മാത്രമല്ല ഭരണഘടനാ സ്ഥാപനമായ സി എ ജിയെ മാറ്റി നിര്‍്ത്തിക്കൊണ്ട് ഫണ്ട് ട്രസ്റ്റ് ബോര്‍ഡ് എന്ന കേവലം സ്റ്റാറ്റിയുറ്ററി സ്ഥാപനം കിഫ്ബിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷ നേതാവിന് നല്‍കിയ മറുപടി കത്തില്‍ മുഖ്യമന്ത്രി പറയുന്നത്. ഭരണഘടനയാല്‍ സ്ഥാപിതമായതാണ് സി ആന്റ് എ ജി അതിന് തത്തുല്യമായ പദവിയാണ് ഫണ്ട് ട്രസ്റ്റ് ബോര്‍ഡ് എന്ന് മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണ്. ട്രസ്റ്റ് ബോര്‍ഡ് ഫണ്ട് ഇപ്പോള്‍ നിലവിലുണ്ടോ എന്ന് തന്നെ സംശയമാണ്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ഒരാള്‍ സിഎ ജി പോലുള്ള ഭരണഘടനാ സ്ഥാപനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്ന് കൂടി ഓര്‍ക്കണമെന്നും രമേശ് ചെന്നിത്തല തന്റെ മറുപടിക്കത്തില്‍ മുഖമന്ത്രിയെ ഓര്‍മിപ്പിക്കുന്നു.