പി.ഡബ്ല്യു.സിയെ ഒഴിവാക്കിയ സർക്കാര്‍ നടപടി പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം ശരിവെക്കുന്നത് : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, September 23, 2020

 

തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയില്‍ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സിനെ ഒഴിവാക്കിയതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് പി.ഡബ്ല്യു.സിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. പി.ഡബ്ല്യു.സിയെ കരാറില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് ആഗസ്റ്റ് 13 ന് സർക്കാർ ഉത്തരവിറക്കി. ഇത് പ്രതിപക്ഷത്തിന്‍റെ അഴിമതി ആരോപണത്തെ സാധൂകരിക്കുന്ന നടപടിയാണെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പി.ഡബ്ല്യു.സിക്ക് കരാർ നൽകിയത്.  മന്ത്രിസഭയും ഗതാഗതവകുപ്പ് മന്ത്രിയും പോലും അറിയാതെയാണ് പ്രൈസ് വാട്ടർഹൌസ് കൂപ്പേഴ്സിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ജൂൺ 28 ന് പ്രതിപക്ഷം തെളിവ് സഹിതം ആരോപണം ഉന്നയിച്ചപ്പോൾക്രമക്കേടൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലായിരുന്നു. ഇപ്പോൾ പി.ഡബ്ല്യു.സിയെ കരാറില്‍ ഒഴിവാക്കിയതിലൂടെ അഴിമതി വ്യക്തമായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന കാരണമാണ് പി.ഡബ്ല്യു.സിയെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ പറഞ്ഞിരിക്കുന്നത്. ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം മാര്‍ച്ച് അവസാനത്തോടെയാണ് റിപ്പോർട്ട് സമർപ്പിക്കാന്‍ സമയം നല്‍കിയിരുന്നത്. അങ്ങനെയെങ്കില്‍ ഈ സമയപരിധി കഴിയുമ്പോള്‍ തന്നെ പി.ഡബ്ല്യു.സിയെ ഒഴിവാക്കേണ്ടതായിരുന്നു. പ്രതിപക്ഷം ജൂണ്‍ 28നാണ് ആരോപണം ഉന്നയിക്കുന്നത്. പദ്ധതിയിലെ ക്രമക്കേട് പ്രതിപക്ഷം കണ്ടുപിടിച്ചതോടെയാണ് സർക്കാരിന് പി.ഡബ്ല്യു.സിയെ ഒഴിവാക്കേണ്ടിവന്നത്.

ബിസിനസ് പ്രമോഷന്‍ ആവശ്യങ്ങള്‍ക്കായി കെ.പി.എം.ജിയെ ചുമതലപ്പെടുത്തിയതായും സർക്കാർ പറയുന്നു. 11,20,000 രൂപയാണ് കെ.പി.എം.ജിയുടെ ഒരു മാസത്തെ ഫീസ്. ഒരു വർഷത്തേക്കാണ് കൺസൾട്ടൻസി കരാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം 21-ാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ 28-ാം സ്ഥാനത്ത് ആണ്. ഇത്തരം കണ്‍സള്‍ട്ടന്‍സികളുടെ പ്രസക്തി എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

https://www.facebook.com/JaihindNewsChannel/videos/3343511199102307