സെക്രട്ടേറിയറ്റില്‍ എന്‍ഐഎ എത്തിയത് അതീവ ഗുരുതരവും കേരളത്തിന് അപമാനവും; മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല| VIDEO

Jaihind News Bureau
Friday, July 24, 2020

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ എന്‍ഐഎ അന്വേഷണത്തിനായി എത്തിയത് അതീവ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് അപമാനം ക്ഷണിച്ചുവരുത്തുന്ന നടപടിയാണിത്. എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ എല്‍ഡിഎഫ് ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന് മാന്യമായി രാജിവയ്ക്കാനുള്ള അവസരമാണിത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്താലെ രാജിവയ്ക്കു എന്നാണോ നിലപാടെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ചീഫ് സെക്രട്ടറിതല  അന്വേഷണത്തോട് യോജിപ്പില്ല, സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ആദ്യം മുതല്‍ ശ്രമിക്കുന്നത്. എം ശിവശങ്കര്‍ക്ക് നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യം മുതല്‍ തന്നെ ശിവശങ്കറെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തരവകുപ്പ് കേസിലെ പ്രതികളെ പൂര്‍ണമയും സഹായിക്കുകയാണ് ചെയ്തത്.

എന്ത് ജോലിയാണ് ഈ കേസില്‍ കേരള പൊലീസ് ചെയ്തത്. കേരളത്തില്‍ നിന്നും ബംഗ്ലൂരിലേക്ക് പോയ പ്രതികള്‍ക്ക് യാത്രസൗകര്യം ഒരുക്കിക്കൊടുത്തത് കേരള പോലീസ് അല്ലേ? കേരളത്തിന്‍റെ എബ്ലം ദുരുപയോഗപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടും കേരള പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല, കള്ളക്കടത്ത് സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തേക്ക് വന്നാല്‍ അത് പിടിക്കേണ്ട ഉത്തരവാദിത്തം കേരള പൊലീസിനാണ്. അതും ഉണ്ടായില്ല. തുടക്കം മുതല്‍ നിഷ്‌ക്രിയമായി ഇരുന്നുകൊണ്ട് കേരള പൊലീസ് പ്രതികളെ സഹായിക്കുകയായിരുന്നു. അത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

പ്രതിപക്ഷമാണ് കണ്‍സള്‍ട്ടന്‍സി നിയമനത്തിലെ അപാകതകള്‍ പുറത്തുകൊണ്ടുവന്നത്. കേരളത്തില്‍ കണ്‍സള്‍ട്ടന്‍സികളെ മുട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ അവരുടെ പ്രോജക്ട് റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഒരു പദ്ധതി കേരളത്തില്‍ ആരംഭിച്ചിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം എന്നിവ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രണ്ട് സമരങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. ആഗസ്റ്റ് ഒന്നിന് കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും അവരുടെ വീടുകളിലോ ഓഫീസിലോ സത്യാഗ്രഹം അനുഷ്ഠിക്കും. സ്പീക്ക് അപ്പ് കേരള എന്ന പേരില്‍. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളോട് വിശദീകരിക്കും. ആഗസ്റ്റ് 10ന് 21000ല്‍പ്പരം പഞ്ചായത്ത് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സത്യാഗ്രഹം ഇരിക്കും. സ്പീക്ക് അപ്പ് കേരള സമരത്തില്‍ പങ്കുചേരും.

https://www.facebook.com/JaihindNewsChannel/videos/574952369856302