മലയാളികളുടെ മടക്കം: സര്‍ക്കാരിന്‍റേത് മനുഷ്യത്വരഹിതമായ സമീപനം, നിയമത്തിന്‍റെ നൂലാമാലകള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല

Jaihind News Bureau
Monday, May 11, 2020

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളികളുടെ മടക്കത്തില്‍  മനുഷ്യത്വമില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമത്തിന്‍റെ നൂലാമാലകള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മലയാളികളെ മടക്കിക്കൊണ്ടു വരുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. ചെക്ക് പോസ്റ്റുകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നു. ഒരു ബസ് പോലും അയക്കാൻ സർക്കാർ തയ്യാറായില്ല.  സർക്കാർ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്യസംസ്ഥാനങ്ങളിൽ പാസ് ലഭിക്കാതെ മലയാളികൾ കഷ്ടടപ്പെടുകയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും പാസ് നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. സ്വന്തമായി വാഹനമുള്ളവർക്ക് പോലും പാസ് നൽകുന്നില്ല. എത്ര പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന രേഖകളും സർക്കാരിന്‍റെ കൈവശമില്ല. ഈ കണക്ക് ഉണ്ടായിരുന്നെങ്കിൽ മടക്കിക്കൊണ്ടുവരാൻ സർക്കാരിന് പദ്ധതി തയ്യാറാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.