വീരേന്ദ്രകുമാറിനെ ഓര്‍ത്ത് സഹതപിക്കുകയാണ്: എല്‍.ഡി.എഫില്‍ ചേക്കേറിയിട്ട് എന്തുകിട്ടി: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, March 8, 2019

എല്‍.ഡി.എഫിന്റെ സീറ്റ് വിഭജനത്തിലെ ജനാധിപത്യവിരുദ്ധത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും മാത്രം പങ്കിട്ടെടുത്തു. ഇന്ന് എല്‍.ഡി.എഫ് എന്നൊരു സംവിധാനമില്ല. സി.പി.എമ്മും സി.പി.ഐയുമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വീരേന്ദ്രകുമാറിനെ ഓര്‍ത്ത് സഹതപിക്കുകയാണ്. അദ്ദേഹത്തിന്റെ ഇന്നത്തെ നിലകണ്ട് പരിതപിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. അദ്ദേഹത്തെ വിളിച്ചൊന്ന് ചര്‍ച്ച ചെയ്യാനുള്ള ഒരു മാന്യതപോലും ഇടതുമുന്നണി നേതൃത്വം കാട്ടിയില്ലെന്നത് എല്ലാരും ശ്രദ്ധിക്കേണ്ട കാര്യമാണ്. ജനതാദള്‍ പ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. എന്തിനാണ് യു.ഡി.എഫ് വിട്ടുപോയത്. എല്‍.ഡി.എഫില്‍ പോയി ചേക്കേറിയിട്ട് എന്ത് കിട്ടി. സംസ്ഥാനത്തെ പ്രവര്‍ത്തകരോട് മറുപടി പറയേണ്ട ബാധ്യത വിരേന്ദ്രകുമാറിനുണ്ട്.

എല്‍.ഡി.എഫിലുള്ള ജനാധിപത്യ കക്ഷികള്‍ക്കൊന്നും ഒരു സീറ്റ് കൊടുത്തില്ല. ജനതാദള്‍ എസിനുള്ള സീറ്റ് നഷ്ടപ്പെട്ടു. വീരേന്ദ്രകുമാറിന് സീറ്റില്ല. സി.പി.എമ്മും സി.പി.ഐയും മാത്രമായി സീറ്റുകള്‍ വീതിച്ച് എടുത്തിരിക്കുകയാണ്. എല്‍.ഡി.എഫിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് വിളിക്കാനാകില്ല. പൂച്ച പ്രസവം പോലെയാണ്. പൂച്ച പ്രസവിച്ചുകഴിഞ്ഞാല്‍ ആരോഗ്യത്തിന് വേണ്ട് രണ്ട് കുട്ടികളെ തിന്നാറുണ്ട്. എന്നുപറഞ്ഞതുപോലെയാണ് ഇപ്പോഴത്തെ സ്ഥിതി. കൂടെയുണ്ടായിരുന്ന രണ്ട് പാര്‍ട്ടികളെ സി.പി.എമ്മും സി.പി.ഐയും വിഴുങ്ങി – രമേശ് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫിലായിരുന്നുവെങ്കില്‍ ഒരു സീറ്റ് വീരേന്ദ്രകുമാറിന് കിട്ടുമായിരുന്നുവെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. ആര്‍.എം.പി ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. മതേതര കക്ഷികളുടെ ഏകീകരണമാണ് ഞങ്ങളുടെ ലക്ഷ്യം. ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട ആര്‍.എം.പിയുമായി ചര്‍ച്ചയുണ്ടായിട്ടില്ല. ചര്‍ച്ചയുടെ സാഹചര്യമുണ്ടോ എന്നത് ആലോചിക്കാവുന്നതാണ്.
യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേയ്‌മെന്റ് സ്ഥാനാര്‍ത്ഥികളുണ്ടാകില്ല. സി.ബി.ഐ കൊലപാതകത്തിന് ചാര്‍ജ് ഷീറ്റ് ചെയ്യപ്പെട്ടവരുണ്ടാകില്ല. കൊലപാതകികളുണ്ടാകില്ല. ഞങ്ങളെല്ലാം പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളായിരിക്കും യു.ഡി.എഫിന്റെത് -രമേശ് ചെന്നിത്തല പറഞ്ഞു.