സെക്രട്ടേറിയറ്റ് തീപിടിത്തം: അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കുന്നു ; ഫോറൻസിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി: രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ലൈഫ്മിഷന്‍ കേസുകൾ അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് അല്ലെന്ന ഫോറൻസിക് റിപ്പോർട്ട് വന്നതിന് ശേഷം അട്ടിമറി ശ്രമം ഊർജിതമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് ഫോറൻസിക് വിഭാഗം റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് കോടതി ആധികാരിക രേഖയായി പരിഗണിക്കും. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ എങ്ങനെ തീ പിടിത്തമുണ്ടായെന്നും അദ്ദേഹം ചോദിച്ചു. ഫയലുകള്‍ ഉണ്ടായിരുന്ന ഭാഗം മാത്രമാണ് കത്തിയത്. നടന്നത് സെലക്റ്റഡ് തീപിടിത്തമാണ്. റിപ്പോർട്ട് കോടതിയിൽ എത്തിയ ശേഷം ഒരു ഐ.ജി ഫോറൻസിക് ഉദ്യോഗസ്ഥരെ കണക്കറ്റ് ശകാരിച്ചു. ഉദ്യോഗസ്ഥർക്ക് വലിയ തോതിലുള്ള ഭീഷണിയാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫോറൻസിക്കിന്‍റെ നിഷ്പക്ഷ പ്രവർത്തനങ്ങളിലെ ഇടപെടൽ അംഗീകരിക്കാനാവില്ല. ആരാണ് ഫോറൻസിക് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ നിർദ്ദേശം നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണം. പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവ് നശിപ്പിക്കുകയാണ്. ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയും ഉപയോഗിച്ചാണ് നീക്കം. ഫോറൻസിക്കിൽ ശാസ്ത്രജ്ഞർക്ക് പകരം ഡി.ജി.പി റാങ്കിൽ ഉള്ളവരെ നിയമിക്കുന്നു.  പൊലീസ് ഉദ്യോഗസ്ഥർ ഡയറക്ടറേറ്റിൽ എത്തിയാൽ  സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടും. സമൂഹത്തിനു മുഴുവൻ ദ്രോഹമുണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://www.facebook.com/JaihindNewsChannel/videos/1230115567367766

Comments (0)
Add Comment