പ്രതിപക്ഷ നേതാവിന്‍റെ ഇടപെടൽ; പമ്പ ത്രിവേണിയില്‍ നിന്നും മണല്‍ കടത്തുന്നത് വനംവകുപ്പ് തടഞ്ഞു

Jaihind News Bureau
Wednesday, June 3, 2020

 

പ്രതിപക്ഷ നേതാവിന്‍റെ ഇടപെടലിനെ തുടര്‍ന്ന്  പമ്പ ത്രിവേണിയില്‍ നിന്നും മണല്‍ കടത്തുന്നത് വനംവകുപ്പ് തടഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് പ്രകാരം വനാതിര്‍ത്തിക്കു പുറത്തേക്ക്  മണല്‍ കൊണ്ടുപോകാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ നല്‍കിയ ഉത്തരവിനെതിരേയാണ് വനംവകുപ്പിന്‍റെ നടപടി. ഇതേത്തുടര്‍ന്ന് പമ്പ ത്രിവേണിയില്‍ നിന്നും മണല്‍ കൊണ്ടുപോകാനെത്തിയ ലോറികള്‍ വനം വകുപ്പ് തടഞ്ഞിട്ടുണ്ട്.

ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം കേന്ദ്രാനുമതിയില്ലാതെ മണല്‍ വനാതിര്‍ത്തിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ പറ്റില്ലെന്ന് വനംവകുപ്പ് കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. വനംനിയമങ്ങളുടെ പരസ്യമായ ലംഘനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപിച്ചിരുന്നു. മണൽ പുറത്തു കൊണ്ടുകുന്നതിനെതിരെ നടപടി സ്വീകരിക്കാൻ വനം വകുപ്പ് അഡി. ചീഫ് സെക്രട്ടറി വനം മേധാവിക്ക് ഉത്തരവു നൽകി.

അതേസമയം മണ്ണ് വില്‍പ്പനയ്ക്കായി  ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കുശേഷം ഉത്തരവിറക്കിയ പമ്പ ത്രിവേണിയിലെ മണല്‍ കൈമാറ്റത്തില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. മേയ് 29 നാണ് ടോം ജോസ്, ലോക്നാഥ് ബെഹ്റ എന്നിവര്‍ പത്തനംതിട്ടയില്‍ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. തിടുക്കപ്പെട്ട് നടത്തിയ ഈ യാത്രയ്ക്കുശേഷമാണ് പമ്പയില്‍ കഴിഞ്ഞ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്.

ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണല്‍ സൗജന്യമായി കണ്ണൂര്‍ ആസ്ഥാനമായുള്ള ക്ലേ ആന്‍റ് സെറാമിക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിനു കൈമാറിയെന്നും മാലിന്യ നിര്‍മാര്‍ജനത്തിന്‍റെ പേരില്‍ പൊതുമേഖലാ സ്ഥാപനത്തെ മുന്‍ നിര്‍ത്തിയുള്ള കച്ചവടമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പമ്പയിലെ മണല്‍ നീക്കാത്തതിലും ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.