പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളി; കോണ്‍ഗ്രസ് കോഴിക്കോട് കടപ്പുറത്ത് തന്നെ റാലി നടത്തുമെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട് ഡിസിസി നടത്തുന്ന പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിന്. കോണ്‍ഗ്രസ് അവിടെ തന്നെ റാലി നടത്തും. പലസ്തീന്‍ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണ്. ഈ വിഷയത്തില്‍ ആശയകുഴപ്പമുള്ളത് സിപിഎമ്മിനാണ്. പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കണോയെന്ന് കെപിസിസി തീരുമാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ പാട്ടുംപാടി ജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പലസ്തീന്‍ റാലിക്ക് വേദി നിഷേധിച്ചതില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലി നവകേരള സദസ് കുളമാക്കാനുള്ള നീക്കമെന്നായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വിമര്‍ശനം.

 

Comments (0)
Add Comment