പിണറായി സര്‍ക്കാർ അഴിമതി മൂടിവെക്കാന്‍ വിജിലന്‍സിനെ വന്ധ്യംകരിച്ചു ; മണല്‍ കടത്ത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളയെന്നും രമേശ് ചെന്നിത്തല | Video

 

തിരുവനന്തപുരം : എല്ലാ അഴിമതികളും മൂടിവെക്കാൻ ശ്രമിക്കുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് പമ്പ ത്രിവേണിയിലെ മണൽ കടത്ത് വിജിലൻസ് അന്വേഷിക്കേണ്ടെന്ന സർക്കാർ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികൾ പുറത്തുവരാതിരിക്കാനായി വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മണൽ കടത്ത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്നും അന്വേഷണം നടത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ചട്ടങ്ങളും നിയമങ്ങളുമെല്ലാം കാറ്റിൽ പറത്തിയാണ് സ്വകാര്യവ്യക്തിക്ക് സൗജന്യമായി മണൽ നീക്കാൻ അനുമതി നൽകിയത്. തനിക്ക് ലഭിച്ച നിർദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്ന് ജില്ലാകളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. റിട്ടയർ ചെയ്യുന്നതിന്റെ തലേദിവസം ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും കൂടി നിലയ്ക്കലിലെത്തിയതിന് പിന്നാലെയാണ് സ്വകാര്യവ്യക്തിക്ക് മണൽ വിൽക്കാൻ നടപടിയുണ്ടായത്. ഇന്ത്യൻ ഫോറസ്റ്റ് ആക്ടിന് വിരുദ്ധമായ നടപടിയാണിത്. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ജില്ലാ കളക്ടർ ഉത്തരവ് തിരുത്തിയത്. ഇത്തരത്തിൽ സ്വകാര്യവ്യക്തിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി മണൽ നീക്കാന്‍ അനുമതി നല്‍കിയത് അഴിമതി തന്നെയാണ്. അഴിമതിയായതിനാലാണ് വനം മന്ത്രിയും ഇതിനെ എതിർത്തത്.

പ്രളയം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും പമ്പ ത്രിവേണിയിലെ മണൽ മാറ്റാൻ സർക്കാർ ഒന്നും ചെയ്തില്ല. വ്യവസ്ഥാപിതമായ മാർഗത്തിൽ മണൽ നീക്കം ചെയ്യുന്നതിന് പ്രതിപക്ഷത്തിന് യാതൊരു എതിർപ്പുമില്ല. മണൽക്കടത്തിലെ അഴിമതിക്കെതിരെയാണ് പ്രതിപക്ഷം ശബ്ദമുയർത്തിയത്. ഏത് കൊള്ളയ്ക്കും കൂട്ടുനിൽക്കുന്ന, കൊള്ളക്കാരെ സംരക്ഷിക്കുന്ന സർക്കാരാണ് പിണറായി സർക്കാർ. അഴിമതി പുറത്തുവരാതിരിക്കാൻ വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിത്. മണൽ കടത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്. അന്വേഷിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു..

https://www.facebook.com/JaihindNewsChannel/videos/342934383400675

Comments (0)
Add Comment