ജനങ്ങള്‍ക്ക് നന്ദി… മികച്ച വിജയം കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നു; സംസ്ഥാനത്ത് മോദി, പിണറായി വിരുദ്ധ തരംഗം: രമേശ് ചെന്നിത്തല

കേരളത്തിൽ യു.ഡി.എഫ് നേടിയ ആധികാരിക വിജയം മതേതര വിശ്വാസികളുടെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ തരംഗം യു.ഡി.എഫിന്‍റെ മികച്ച വിജയത്തിന് കാരണമായി. കേരളത്തിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ച നരേന്ദ്ര മോദിക്കും, പിണറായി വിജയൻ സർക്കാരിനുമെതിരായ പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പിണറായി വിജയൻ തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

യു.ഡി.എഫിന് ആധികാരികമായ വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങൾക്ക് രമേശ് ചെന്നിത്തല നന്ദി അറിയിച്ചു.  വലിയ വിജയം യു.ഡി.എഫിന്‍റെ ഉത്തരവാദിത്വം വർധിപ്പിക്കുന്നതാണ്. ബിജെപിക്ക് വളക്കൂറുള്ള മണ്ണല്ല കേരളമെന്ന് വീണ്ടും തെളിയിച്ചു. ഇത് മതേതര വിശ്വാസികളുടെ വിജയമാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും യു.ഡി.എഫിനൊപ്പം നിന്നു. കേരളത്തിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ച നരേന്ദ്ര മോദിക്കെതിരായ ജനവികാരമാണ് കണ്ടത്.

മോദി സര്‍ക്കാരിനോടും പിണറായി സര്‍ക്കാരിനോടും ഒരുപോലെ വിരുദ്ധവികാരമാണ് സംസ്ഥാനത്തുള്ളത്. പിണറായി വിജയൻ സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പില്‍ അവര്‍ക്കേറ്റ കനത്ത തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയൻ തോല്‍വിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി വിജയൻ തോൽവി അംഗീകാരിക്കാതെ വീണിടത്ത് കിടന്ന് ഉരുളുകയാണിപ്പോള്‍ ചെയ്യുന്നത്. ഇടതുപക്ഷം  ആത്മപരിശോധന നടത്തണം. ബിജെപി വിരുദ്ധ വികാരം വളർത്തി എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്‍റെ വോട്ട് എവിടെ പോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

യു.ഡി.എഫ് എന്നും വിശ്വാസികൾക്കൊപ്പമാണ്. ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബി.ജെ.പിയെ ജനം തിരസ്കരിക്കുകയാണുണ്ടായത്. ആർ.എസ്.എസിനും സംഘപരിവാറിനും കേരളത്തിൽ വേരുറുപ്പിക്കാൻ സാധിക്കില്ലെന്ന് തെളിയിച്ചു. യു.ഡി.എഫിന്‍റെ മികച്ച വിജയത്തില്‍ അഹങ്കരിക്കുന്നില്ലെന്നും ഉത്തരവാദിത്തം കൂടിയെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

 

Ramesh ChennithalaLok Sabha pollsUDF win
Comments (0)
Add Comment