സ്പ്രിങ്ക്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഒന്നാം പ്രതി , പ്രതിപക്ഷ ആരോപണങ്ങള്‍ മുഖ്യമന്ത്രി ശരിവെച്ചു: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, April 16, 2020

തിരുവനനന്തപുരം:  സ്പ്രിങ്ക്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര കരാറില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു ഫയല്‍ പോലും സര്‍ക്കാരിന്റെ കൈവശമില്ല. 350 കോടി രൂപയുടെ ഡാറ്റ തട്ടിപ്പ് കേസാണ് കമ്പനിയുടെ പേരിലുള്ളത്. കമ്പനിയുടെ കഴിഞ്ഞകാലം ചരിത്രം എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ചോദിച്ചു.

കരാര്‍ ഒപ്പിടും മുന്‍പ് നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കണം. മന്ത്രിസഭ തീരുമാനമെടുക്കണം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ ചുമതലപ്പെടുത്തണം. എന്നാല്‍ ഇക്കാര്യത്തില്‍ അതൊന്നും ഉണ്ടായിട്ടില്ല. നടപടികള്‍ പാലിക്കാതെ ഐടി സെക്രട്ടറി എങ്ങനെ ഒപ്പുവെച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മലയാളികളുടെ ജീവന് ഹാനി സംഭവിക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടത്.

കേരളത്തിന്‍റെ  ആരോഗ്യരംഗത്തെ 50 വർഷത്തെ പാരമ്പര്യം ചുളുവിൽ ഈ കമ്പനി തട്ടിയെടുക്കുകയാണ്.  സംസ്ഥാനത്തെ വൻ അഴിമതിയാണിത്. ഉറുമ്പിന് ഭക്ഷണം കൊടുക്കുന്നത് വരെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പിന്നെ എന്ത് കൊണ്ട് ഇക്കാര്യം മറച്ചുവെച്ചു. അതീവ രഹസ്യമായി കേരളത്തിലെ ജനങ്ങളുടെ ഡേറ്റാ കൈമാറിയത് വൻ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.