‘സ്പ്രിങ്ക്‌ളര്‍ അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ള’; മുഖ്യമന്ത്രിക്ക് കള്ളം കൈയ്യോടെ പിടിച്ചതിന്‍റെ ജാള്യതയെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, April 21, 2020

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കള്ളം കൈയ്യോടെ പിടിച്ചതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. സ്പ്രിങ്ക്‌ളര്‍ അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉന്നയിച്ച ഒരു കാര്യത്തിന് പോലും മുഖ്യമന്ത്രിക്ക് മറുപടി പറയാനായിട്ടില്ല. കരാര്‍ അടിമുടി ദുരൂഹമായി നില്‍ക്കുന്നു. പത്രസമ്മേളനത്തില്‍ ഒരിക്കല്‍ പോലും കരാറിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

എവിടെയെല്ലാം വച്ച് ഈ കമ്പനിയുമായി ചര്‍ച്ച നടത്തിയെന്നും അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നോ എന്നും വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് പകരം ഐറ്റി സെക്രട്ടറിയാണോ വിശദീകരണം നൽകേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഒരു ഉദ്യോഗസ്ഥന് മേൽ കുറ്റം ചാർത്തി മുഖ്യമന്ത്രി ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ്. പിലാത്തോസിനെ പോലെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് കൈ കഴുകി പിന്മാറാൻ സാധിക്കില്ല. മാധ്യമപ്രവർത്തകരെ സിൻഡിക്കേറ്റുകളായി മുദ്രകുത്തുന്നു. ഏകാധിപതികൾ പ്രകടിപ്പിക്കുന്ന അതേ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്ക്. അടിയന്തരമായി നിയമിച്ച ഈ കമ്പനി എന്ത് ചെയ്തെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.