സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സർക്കാരിന് നിയമനിർമാണം നടത്താമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേരള നിയമസഭ വിളിക്കേണ്ട ആവശ്യമില്ല. വിഷയം ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റില്‍ പെടുന്നതായതിനാല്‍ കേന്ദ്രത്തിന് ഇതിന് അധികാരമുണ്ട്. അഭിഭാഷകനായ ശ്രീധരന്‍പിള്ള ഇക്കാര്യത്തില്‍ നുണപ്രചരണം നടത്തുന്നത് ആശാസ്യമല്ല. ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടത് ബി.ജെ.പി സംസ്ഥാന ഘടകമാണ്. ഒന്നിലധികം സംസ്ഥാനങ്ങളെ ബാധിക്കുന്നതാണ് ശബരിമല വിഷയമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ളയുടെ വാദം തെറ്റും വസ്തുതാവിരുദ്ധവുമാണ്. ശ്രീധരൻ പിള്ള കോൺഗ്രസിനെ വിമർശിക്കുന്നത് ഭരണഘടനയെ മറന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുസർക്കാർ എരിതീയിൽ എണ്ണ ഒഴിക്കുകയാണ്. തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും ആക്ഷേപിക്കുകയാണ് മന്ത്രിമാര്‍ ചെയ്യുന്നത്. ശബരിമല വിഷയം രുക്ഷമാക്കിയത് സി.പി.എം-ബി.ജെ പി കള്ളക്കളിയാണെന്ന് പറഞ്ഞ അദ്ദേഹം, ദേവസ്വം ബോർഡ് വിശ്വാസികളെ കബളിപ്പിക്കുകയാണെന്നും വ്യക്തമാക്കി. വിധി വന്ന് 20 ദിവസം കഴിഞ്ഞിട്ടും ദേവസ്വംബോര്‍ഡ് മനു അഭിഷേക് സിംഗ്‌വിയെ ബന്ധപ്പെട്ടില്ല. ബോര്‍ഡ് യോഗം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അഭിഭാഷകനെ ബന്ധപ്പെടാന്‍ ബോര്‍ഡ് അധികൃതര്‍ ശ്രമിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയത്തില്‍ യു.ഡി.എഫ് എല്ലാ ജില്ലകളിലും രാഷ്ട്രീയവിശദീകരണ യോഗവും ശക്തമായ പ്രചാരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.