കുത്തനെ ഉയർത്തിയ പിഴകൾ കർശനമായി നടപ്പിലാക്കുന്നത് റോഡ് നന്നാക്കിയശേഷമാകാം : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, September 7, 2019

നിയമലംഘനങ്ങൾ തടയേണ്ടതാണ് എന്നതിൽ ഒരു സംശയവുമില്ല, പക്ഷെ നിയമം നടപ്പിലാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കമില്ലാതെയാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗതാഗത നിയമലംഘനങ്ങൾക്ക് കുത്തനെ വർദ്ധിപ്പിച്ച പിഴ ഈടാക്കുന്നത് തൽക്കാലത്തേക്ക് സർക്കാർ നിർത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റോഡുകൾ പാടെ തകർന്നു കിടക്കുമ്പോഴാണ് മോട്ടോര്‍ വാഹന നിയമഭേദഗതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുത്തനെ ഉയർത്തിയ പിഴകൾ കർശനമായി നടപ്പിലാക്കുന്നത് റോഡ് നന്നാക്കിയശേഷമാകാം എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

ഗതാഗത നിയമലംഘനങ്ങൾക്ക് കുത്തനെ വർദ്ധിപ്പിച്ച പിഴ ഈടാക്കുന്നത് തൽക്കാലത്തേക്ക് സർക്കാർ നിർത്തിവയ്ക്കണം. റോഡുകൾ പാടെ തകർന്നു കിടക്കുമ്പോഴാണ് മോട്ടോര്‍ വാഹന നിയമഭേദഗതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്. റോഡുകളിലെ കുഴികളിലും ചെളിവെള്ളത്തിലും കുടുങ്ങി നൂറുകണക്കിന്പേർക്കാണ് ദിവസേന പരിക്കേൽക്കുന്നത്.

നിയമലംഘനങ്ങൾ തടയേണ്ടതാണ് എന്നതിൽ ഒരു സംശയവുമില്ല. പക്ഷെ നിയമം നടപ്പിലാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കമില്ലാതെയാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തിരക്ക് പിടിച്ചു നടപ്പാക്കില്ലെന്നു അറിയിച്ചിട്ടുണ്ട്. കേരളവും ഇത്തരത്തിലെ നിലപാട് സ്വീകരിക്കണം.

ഇത് എഴുതുമ്പോഴും, ആയിരക്കണക്കിന് ആളുകൾ വിവിധ റോഡുകളിൽ ഗതാഗതകുരുക്കിൽ കുടുങ്ങികിടക്കുയാണ്.ആദ്യം റോഡ് നന്നാക്കട്ടെ.കുത്തനെ ഉയർത്തിയ പിഴകൾ കർശനമായി നടപ്പിലാക്കുന്നത് പിന്നീടാകാം.
#ForBetterRoad
#Traffic
#TraficRules