പ്രവാസികളുടെ മടക്കം, കേന്ദ്രം അതീവ ഗൗരവത്തോടെ കാണണം; ചാർട്ടേർഡ് വിമാനങ്ങൾ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, April 25, 2020

തിരുവനന്തപുരം:   പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിന്‍റെ കടമയാണ് പൗരന്മാരെ നാട്ടിലെത്തിക്കുക എന്നത്. മറ്റ് രാജ്യങ്ങൾ അവരുടെ പൗരന്മാരെ നാട്ടിലെത്തിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കണ്ണ് തുറക്കുന്നില്ല.  ചാർട്ടേർഡ് വിമാനങ്ങൾ കേന്ദ്ര സർക്കാർ അനുവദിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഏകദിന രാജ്ഭവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.  നാട്ടിലെത്തിക്കുന്നവരെ ക്വാറന്‍റീന്‍  ചെയ്യാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം  പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍റെ നേതൃത്വത്തിലാണ് രാജ്ഭവനു മുന്നില്‍ ഏകദിന ധര്‍ണ തുടരുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവരും അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരും    ധര്‍ണയില്‍ പങ്കെടുക്കും.