കേരളത്തിന്‍റെ സഹകരണ മേഖലയെ നശിപ്പിക്കുന്ന കേരള ബാങ്ക് രൂപീകരണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് കര്‍ശനമായ 19 ഉപാധികളോടെ തത്വത്തിലുള്ള അംഗീകാരം മാത്രമേ നല്‍കിയിട്ടുള്ളൂ. ഇവയില്‍ പലതും ഇന്നത്തെ നിലയില്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളവയാണ്.
റിസര്‍വ് ബാങ്കിന്‍റെ നിബന്ധന അനുസരിച്ച് ലയനശേഷമുള്ള കേരള ബാങ്കിന്‍റെ മൂലധനപര്യാപ്തത നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കനത്ത തുക മുടക്കേണ്ടി വരും. പ്രളയത്തില്‍ താറുമാറായ സംസ്ഥാനത്തിന് ഇത് താങ്ങാനാവാത്തതാണ്. മാത്രമല്ല ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചു കൊണ്ട് കേരളാ ബാങ്ക് രൂപീകരിക്കുന്നത് സഹകരണ ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ പ്രസ്ഥാനം ത്രിതല സംവിധാനത്തില്‍ നിന്ന് ദ്വിതലത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് സഹകരണ രംഗത്തെ ജനാധിപത്യത്തെ നശിപ്പിക്കും. സംസ്ഥാനത്ത് ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനത്തിന്‍റെ നാശം ആഴത്തിലുള്ള പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് കേരള ബാങ്ക് രൂപീകരണത്തില്‍ നിന്ന് പിന്തിരിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.